y-con
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

ആലുവ: ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ ജനങ്ങളുടെ യാത്ര ദുരിതപൂർണമാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനീയർ ആർ. സിന്ധുവിനെ ഉപരോധിച്ചു. പ്രകടനമായെത്തിയ സമരക്കാരെ ഓഫീസ് ഗേറ്റിൽ തടഞ്ഞതോടെ പൊലീസുമായി ബലപ്രയോഗം നടന്നു. തുടർന്ന് എസ്.ഐയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഓഫീസിനകത്തേക്ക് സമരക്കാരെ കടത്തിവിട്ടു. കേബിൾ എടുക്കാൻ കുഴിച്ച കുഴികൾ ടാർ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ തുക അടച്ചിട്ടുണ്ടെന്നും രാത്രി റോഡ് സഞ്ചായയോഗ്യമാക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. മൂന്നാഴ്ച കൊണ്ട് തീർക്കുമെന്ന് പറഞ്ഞ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ മൂന്നു മാസമായിട്ടും തീർക്കാതെ ആലുവയിൽ കടുത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയിരിക്കുകയാണെന്നാണ് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെയും വാഹന യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കെ.എസ്.ഇ.ബി അധികാരികൾ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ലെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ലത്തീഫ് പുഴിത്തറ, അബ്ദുൾ റഷീദ്, എം.ഐ. ഇസ്മയിൽ, ലിന്റോ പി. ആന്റു, ഹസീം ഖാലിദ്, എം.എ.കെ. നജീബ്, മനു മൈക്കിൾ, വിപിൻ ദാസ്, രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, ബാബു കുളങ്ങര, ജോണി ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.