കൊച്ചി : മരടിൽ കഴിഞ്ഞദിവസം പൊളിച്ച ആൽഫ സെറീൻ ഫ്ളാറ്റിന്റെ പേരിലുള്ള വായ്പാ കുടിശികയുടെ പേരിൽ ധനകാര്യ സ്ഥാപനം നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ആൽഫ സെറീൻ ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന ഹിൽദ സെസിൽ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. എൽ ആൻഡ് ടി ഹൗസിംഗ് ഫിനാൻസിൽ നിന്ന് വായ്പയെടുത്തു വാങ്ങിയ ഫ്ളാറ്റ് പൊളിച്ചു കളഞ്ഞതോടെ ഭവനരഹിതയാണ്. വായ്പാത്തുക തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയിലുമാണ്. വായ്പാത്തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് പ്രകാരം കൊൽക്കത്ത മജിസ്ട്രേട്ട് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ വ്യവസ്ഥ പ്രകാരം ഡൽഹി മെട്രൊപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിലും എൻ.ആൻഡ് ടി ഫിനാൻസ് അധികൃതർ നൽകിയ പരാതിയിൽ കേസുകളുണ്ട്. ഇതിനു പുറമേ സർഫാസി നിയമപ്രകാരമുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഇൗ നടപടികൾ അധികാര പരിധിയുടെ ലംഘനമാണെന്നും ഒരേ വിഷയത്തിൽ പല കോടതികളിലായി കേസ് നടപടികൾ തുടരുന്നത് നിയമപരമല്ലെന്നും ഹർജിക്കാരി ആരോപിക്കുന്നു. താമസിച്ചിരുന്ന ഫ്ളാറ്റ് ഇൗടായി നൽകിയാണ് വായ്പ എടുത്തിരുന്നത്. ആ നിലയ്ക്ക് കേരള ഹൈക്കോടതിക്ക് വിഷയത്തിൽ ഇടപെടാൻ കഴിയുമെന്നും കേസ് നടപടികൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൊൽക്കത്ത, ഡൽഹി കോടതികളിലെ കേസ് നടപടികൾ തടയണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.