ഫോർട്ട് കൊച്ചി: മാസങ്ങൾക്ക് മുൻപ് നവീകരണം കഴിഞ്ഞ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത കുട്ടികളുടെ പാർക്കിലെ കളി ക്കോപ്പ് ഉപകരണങ്ങൾ തകർന്നു. ലക്ഷങ്ങൾ മുടക്കിയാണ് നവീകരണം നടത്തിയത്. ഗുണമേൻമയില്ലാത്ത കളി ഉപകരണങ്ങളിൽ ഒട്ടുമിക്കതും തകർന്നു. ഞായറാഴ്ച കുടുംബമായി കായംകുളത്തു നിന്നും എത്തിയ നാല് വയസുകാരിയുടെ കൈവിരൽ പൊട്ടിയ ഉപകരണത്തിൽ കുടുങ്ങി മുറിവേറ്റു. ഇതിന് മുൻപ് ഊഞ്ഞാൽ ആടിയ കുട്ടി പൊട്ടി താഴെ വീണു. പല കളി ഉപകരനങ്ങളും കയർകൊണ്ട് കെട്ടിവെച്ച സ്ഥിതിയിലാണ്. ടൂറിസം കേന്ദ്രമായ ഫോർട്ടുകൊച്ചിയുടെ കണ്ണായ സ്ഥലത്ത് പ്രവർത്തിക്കുന്ന പാർക്കിൽ ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്. അവധി ദിനങ്ങളിൽ എണ്ണം ഇതിലും കൂടും. പൊട്ടിയ ഉപകരണങ്ങൾ കണ്ട് കുട്ടികൾ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പാർക്കിന്റെ വടക്ക് കിഴക്ക് ഭാഗം കാട് പിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കുട്ടികളുടെ ചാച്ചാ എന്ന് വിശേഷിപ്പിക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ നാമധേയത്തിലുള്ള പാർക്കിൽ എത്താൻ കുട്ടികൾക്ക് ഇപ്പോൾ ഭയമാണ്. സീസൺ തുടങ്ങിയതോടെ നിരവധി വിദേശികളും പൈതൃകനഗരിയിൽ എത്താറുണ്ട്. കുറഞ്ഞ വിലക്ക് കുട്ടികളുടെ കളിക്കോപ്പ് ഉപകരണങ്ങൾ വാങ്ങി കീശ വീർപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.പത്ത് മാസം മുൻപാണ് പാർക്ക് നവീകരിച്ച് അധികാരികൾ കുട്ടികൾക്കായി തുറന്നുകൊടുത്തത്.