മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മണ്ടനാക്കര ബിനുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആടുകളെയാണ് കൂട്ടമായി എത്തിയ തെരുവ്‌നായ്ക്കൾ കടിച്ച് കൊന്നു. ഞായറാഴ് ഉച്ചകഴിഞ്ഞ് 2.30ന് വീടിന് സമീപത്തുള്ള തോട്ടത്തിൽ മേയാനായി വിട്ടിരുന്ന നാല് ആടുകളിൽ മൂന്ന് ആടുകളെയാണ് എട്ടോളം വരുന്ന തെരുവ് നായ്ക്കൾ കൂട്ടമായിയെത്തി കടിച്ച് പറിച്ച് കൊന്നത്. എട്ട് മാസം പ്രായമായ രണ്ടാടും, രണ്ട് വയസ് പ്രായമുള്ള ഗർഭണിയായ ആടിനെയുമാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. പരിക്കേറ്റ ഗർഭണിയായ ആടിനെ മൃഗ ഡോക്ടർ ഷമീം അബൂബക്കർ സ്ഥലത്തെത്തി പ്രാഥമീക പരിചരണം നൽകിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം ജീവൻ നഷ്ടപ്പെടുകയായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് എട്ടോളം വരുന്ന തെരുവ് നായക്കൂട്ടം ആടുകളെ കടിച്ച് കൊല്ലുന്നത് കണ്ടത്. ഓട്ടോ ഡ്രൈവറായ ബിനുവിന്റെയും ഭാര്യയും ഉപജീവനത്തിനായിട്ടാണ് ആടുവളർത്തൽ ആരംഭിച്ചത്. ഞായറാഴ്ച തന്നെ ബിനുവിന്റെ അയൽവാസിയായ കാർത്തികയുടെ വലിയ ആട്ടിൻ മുട്ടനെയും തെരുവ്‌നായ്ക്കൾ കടിച്ച് കൊന്നിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഈസ്റ്റ് മാറാടിയിൽ മേയാൻ വിട്ടിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു.