കൊച്ചി : ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം നൽകാനുള്ള നടപടികൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി ഡിസംബർ അഞ്ചിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ചട്ടമുണ്ടാക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡറുകളെ കണ്ടെത്താൻ സംസ്ഥാനത്ത് നടത്തുന്ന ഒാൺലൈൻ സർവേ കാര്യക്ഷമമാക്കണമെന്നും ബോധവത്കരണത്തിനായി മാദ്ധ്യമങ്ങളിൽ പരസ്യം നൽകണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും സംവരണം അനുവദിച്ചെങ്കിലും തൊഴിൽ മേഖലയിൽ സംവരണമില്ലെന്ന് ചൂണ്ടിക്കാട്ടി ഇതേ വിഭാഗത്തിലുള്ള മലപ്പുറം സ്വദേശി സി. കബീർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ട്രാൻസ്ജെൻഡറുകൾക്കു തൊഴിൽരംഗത്ത് സംവരണം നൽകാമെന്ന് 2014 ൽ സുപ്രീംകോടതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. 2015 ൽ സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡർ നയത്തിന് രൂപം നൽകി. എന്നാൽ ട്രാൻസ്ജെൻഡറുകളുടെ അവകാശവും ക്ഷേമവും ഉറപ്പാക്കുന്നതു മാത്രമായി ഇതു ചുരുങ്ങിയെന്നും കബീർ ആരോപിക്കുന്നു. ഒാൺലൈൻ സർവേയിൽ ഇതുവരെ 600 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആയിരത്തിലേറെപ്പേർ ഇൗ വിഭാഗത്തിലുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. തുടർന്നാണ് ഒാൺലൈൻ സർവേയെക്കുറിച്ചുള്ള ബോധവത്കരണത്തിനായി പരസ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.