ksrtc-bus
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസുകൾ തലങ്ങും വിലങ്ങും കിടക്കുന്നു

ആലുവ: ആലുവയിൽ നിർദിഷ്ട കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ നിർമാണം വൈകുന്നത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. ബസ് പാർക്ക് ചെയ്യാൻ പോലും സൗകര്യമില്ലാതായതോടെ ഇവിടെയെത്തുന്ന യാത്രക്കാർ അപകട ഭീഷണിയിലാണ്. കുണ്ടുംകുഴിയുമായി കിടക്കുന്ന സ്റ്റാൻഡിൽ യാത്രക്കാർ കല്ലിൽത്തട്ടി വീഴുന്നതും പതിവ് കാഴ്ചയായി.

പഴയ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. നിർമ്മാണ മേഖലയ്ക്ക് പുറത്തുള്ള കുറച്ച് സ്ഥലം മാത്രമാണ് ബസ് പാർക്കിംഗിനായുള്ളത്. ഇവിടെ ടാറിംഗ് നടത്താത്തതിനാൽ പഴയ കെട്ടിട അവശിഷ്ടങ്ങളെല്ലാം ഭൂനിരപ്പിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്. ഇതിൽ തട്ടിയാണ് യാത്രക്കാർ വീഴുന്നത്.

ബസുകൾ നിർത്തുന്നത് റൂട്ട് തിരിച്ചല്ലാത്തതിനാൽ യാത്രക്കാർ ബസ് സ്റ്റാൻഡിന് അകത്തും പുറത്തുമായി ഓടേണ്ടി വരുമ്പോഴാണ് കൂടുതലും യാത്രക്കാർ അപകടത്തിൽപ്പെടുന്നത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ടെർമിനൽ നിർമ്മാണം അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു മനുഷ്യവകാശ കമ്മീഷനിൽ ഹർജി സമർപ്പിച്ചിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. ബസുകൾ പുറപ്പെടുന്ന വിവരം വിളിച്ച് പറയാനും ഇവിടെ ആളില്ല. യാത്രക്കാരുടെ പരാതി കേൾക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്.

കഴിഞ്ഞ മാസം ടെർമിനലിൻെറ പൈലിംഗ് വർക്ക് തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ ഇടയ്ക്ക് നിർത്തിയിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് നിർമ്മാണം.