ന്യൂഡൽഹി: രാജ്യത്തെ ചില്ലറവില നാണയപ്പെരുപ്പം ആശങ്കാജനകമാംവിധം ഉയർന്ന് 7.35% ആയി. ആറ് വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. വായ്പാ പലിശ നിരക്കിലുൾപ്പടെ ഈ വർദ്ധന പ്രതിഫലിക്കും.
ചില്ലറവിപണിയിലെ വിലവർദ്ധനയെ അടിസ്ഥാനമാക്കിയാണ് റീട്ടെയ്ൽ നാണയപ്പെരുപ്പം നിശ്ചയിക്കുക. നിത്യോപയോഗ വസ്തുക്കൾക്ക് വില ഉയരുക എന്നതാണ് ഫലം.
കാർഷിക ഉല്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധിച്ചതും സവാള ഉൾപ്പടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഇറക്കുമതി കൂടിയതുമൊക്കെയാണ് ഇപ്പോൾ നിരക്ക് ഉയരാൻ കാരണമായത്.
കുറഞ്ഞത് രണ്ട് ശതമാനവും കൂടിയത് ആറ് ശതമാനവുമാണ് റിസർവ് ബാങ്ക് സുരക്ഷിതമായി കരുതുന്ന റീട്ടെയ്ൽ നാണയപ്പെരുപ്പ നിരക്ക്. ആറ് ശതമാനത്തിൽ ഉയർന്നാൽ റിപ്പോ പലിശ നിരക്ക് ഉയർത്തേണ്ടി വരും. വായ്പാ പലിശ നിരക്ക് ഉയരാനും കാരണമാകും. വിപണിയിലേക്കുള്ള പണം വരവിനെ ബാധിച്ച് പ്രശ്നംകൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. കേന്ദ്രബഡ്ജറ്റിന് ശേഷം ഫെബ്രുവരി ആറിന് ചേരുന്ന റിസർവ് ബാങ്ക് ധനനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് കൂട്ടുന്ന കാര്യത്തിൽ തീരുമാനമാകും.
റീട്ടെയ്ൽ നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിൽ കുറയ്ക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തി നിർണയിക്കുന്ന ഈ നിരക്ക് 2016 ജൂലായ് മുതൽ നാല് ശതമാനത്തിൽ താഴെയായിരുന്നു. 2018 ഡിസംബറിൽ 2.11 ശതമാനവും 2019 നവംബറിൽ 5.54 ശതമാനവുമായിരുന്നു. രണ്ട് മാസംകൊണ്ടാണ് നിരക്ക് കുതിച്ചുയർന്നത്.
2019ൽ റീട്ടെയ്ൽ നാണയപ്പെരുപ്പ നിരക്ക് നാലിൽ താഴെ നിന്നപ്പോഴാണ് റിപ്പോ നിരക്കിൽ 1.35 ശതമാനം റിസർവ് ബാങ്ക് കുറച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായായാണ് ഇത്രയും വലിയ കുറവ് ഉണ്ടായത്.
അടിസ്ഥാന നാണ്യപ്പെരുപ്പ നിരക്ക് ഇപ്പോൾ 3.7 ശതമാനമാണ്. നവംബറിന് ശേഷം ഇതിൽ നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഭക്ഷ്യനാണയപ്പെരുപ്പവും വർദ്ധിച്ചു. കഴിഞ്ഞ നവംബറിൽ 10.1% ഉണ്ടായിരുന്ന ഈ നിരക്ക് ഇപ്പോൾ 14.12% ആണ്.
ഇന്നലത്തെ കണക്കുകൾ
ചില്ലറ വില്പന നാണ്യപ്പെരുപ്പം 7.35%
ഭക്ഷ്യനാണ്യപ്പെരുപ്പം 14.12%
പച്ചക്കറി നാണ്യപ്പെരുപ്പം 60.5%