തൃക്കാക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള പരിശീലനം തുടങ്ങി. ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും കൊച്ചിനഗരസഭാ ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം. ഇന്നലെ നടന്ന ആദ്യഘട്ട പരിശീലനത്തിൽ ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി താലൂക്കുകൾക്ക് കീഴിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഡെപ്യൂട്ടി തഹസിൽദാർ ജൂഡി വി.എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് സീനിയർ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, കുട്ടമ്പുഴ വില്ലേജ് ഓഫീസർ ജെയിസൺ മാത്യു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

20ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അടുത്തമാസം 14 വരെ തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കുമായി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ വിവിധ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥാർക്കുമായുള്ള പരിശീലനം നാളെ നടക്കും. രാവിലെ 9ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം.