കൊച്ചി: കൊതുകുമായുള്ള യുദ്ധത്തിൽ തോറ്റുതുന്നംപാടിയ കൊച്ചി കോർപ്പറേഷൻ കൊതുക് നശീകരണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്ന കാര്യം പരിഗണിക്കുന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണിയാണ് നിർദേശം മുന്നോട്ടുവച്ചത്. ഈ അഭിപ്രായത്തോട് യോജിച്ച മേയർ സൗമിനിജെയിൻ പദ്ധതി തയ്യാറാക്കുന്നതിന് ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ഫോംഗിംഗു കൊണ്ടു മാത്രം കൊതുകുകളെ തുരത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കൊതുകുനിവാരണത്തിനായി പുതിയ പ്രവർത്തന രൂപരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. 15 ഓളം തൊഴിലാളികളെ ഉപയോഗിച്ച് ഓരോ പ്രദേശത്തും പവർ സ്‌പ്രേയിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ വർഷം പശ്ചിമകൊച്ചിയിൽ നടത്തിയ പരീക്ഷണം വിജയിച്ച സാഹചര്യത്തിലാണ് കോർപ്പറേഷൻ പരിധിയൊട്ടാകെ ഈ തന്ത്രം സ്വീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി ഈയാഴ്ച തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. ഉപയോഗശൂന്യമായ മൂന്ന് ഫോഗിംഗ് മെഷീനുകൾ നന്നാക്കാൻ നടപടി സ്വീകരിച്ചതായി മേയർ പറഞ്ഞു. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സ്‌പ്രേയിംഗ് മെഷീന്റെ ഉപയോഗം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

# ബോട്ട് സർവീസ് തുടരും

പശ്ചിമകൊച്ചി -വൈപ്പിൻ മേഖലയിലെ ബോട്ട് സർവീസ് നിർത്തിവച്ചതിൽ കൗൺസിലിൽ പ്രതിഷേധം. രണ്ടര കോടി രൂപ മുടക്കി കോർപ്പറേഷൻ നിർമ്മിച്ച ബോട്ട് തുരുമ്പെടുക്കുകയാണെന്ന് കൗൺസിലർ സി.എ.പീറ്റർ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് യാത്രക്കാരില്ലെന്ന കാരണം പറഞ്ഞാണ് ഏജൻസി ബോട്ടിന്റെ സർവീസ് നിർത്തിവച്ചത്. അതേസമയം വാഹനങ്ങളുടെ തിരക്ക് മൂലം യാത്രക്കാർക്ക് റോ റോയിൽ കയറിപ്പറ്റാൻ കഴിയാത്ത അവസ്ഥയാണ്.വരുമാനത്തിന്റെ 50 ശതമാനം പങ്കിട്ടെടുക്കാമെന്നാണ് വ്യവസ്ഥയെങ്കിലും റോ റോ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ഏജൻസിയായ കെ.എസ്.ഐ.എൻ.സി ലാഭവിഹിതമായി 13 ലക്ഷം രൂപ മാത്രമാണ് ഇതുവരെ കോർപ്പറേഷന് നൽകിയത്. ഏജൻസിയുമായി എത്രയും പെട്ടെന്ന് കരാർ ഒപ്പിടണമെന്നും പീറ്റർ ആവശ്യപ്പെട്ടു. കെ.എസ്.ഐ.എൻ.സിക്ക് റോ റോ സർവീസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെങ്കിൽ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്നും ബോട്ട് സർവീസ് തുടരുമെന്നും മേയർ പറഞ്ഞു.

പൗരത്വഭേദഗതിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം


പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ പ്രമേയം പാസാക്കി. ഇടതുവലതു കൗൺസിലർമാർ ഒറ്റക്കെട്ടായി നിയമത്തിനെതിരെ നിന്നപ്പോൾ ബി.ജെ.പി കൗൺസിലർമാരായ ശ്യാമള എസ് പ്രഭു, സുധാ ദിലീപ്കുമാർ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി കൗൺസിലിൽ നിന്നിറങ്ങി പോയി. കേന്ദ്രം മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകർക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കൗൺസിലർ ഡേവിഡ് പറമ്പിത്തറ പറഞ്ഞു.