ksu
ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദമേറ്റ് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകർ

ആലുവ: ചൂണ്ടി ഭാരതമാതാ ലാ കോളേജിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരെ സമവായത്തിനെന്ന പേരിൽ പുറത്തെത്തിച്ച ശേഷം ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ലാ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളും കെ.എസ്.യു പ്രവർത്തകരുമായ ആസിഫ് മുഹമ്മദ്, തിമോത്തിദാൽ, ആൽബർട്ട് ബിനു, മുഹമ്മദ് ആഷിക്ക് എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആലുവ ഇ.എസ്.ഐ റോഡിലായിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ ആർട്സ് ദിനാഘോഷം അൻവർ സാദത്ത് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. സെലിബ്രേറ്റിക്ക് പകരം രാഷ്ട്രീയക്കാരെ ഉദ്ഘാടനത്തിന് വിളിച്ചെന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് അന്ന് സംഘർഷവുമുണ്ടായി. അതിന്റെ തുടർച്ചയായി ഇന്നലെ ഉച്ചയ്ക്കും കോളേജിൽ എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ് ആലുവ ജില്ലാ ആശുപത്രിയിലായിരുന്ന ആസിഫ് മുഹമ്മദ്, തിമോത്തിദാൽ, ആൽബർട്ട് ബിനു എന്നിവരെ കോളേജിലെ എസ്.എഫ്.ഐക്കാർ പ്രശ്നം സമവായത്തിൽ പറഞ്ഞുതീർക്കാനെന്ന് പറഞ്ഞാണ് ഇ.എസ്.ഐ റോഡിലെത്തിച്ചത്. പരിക്കേറ്റവർക്കൊപ്പമുണ്ടായിരുന്ന ആഷിക്കും കൂടെ പോയി.
ഈ സമയം പതിനഞ്ചോളം ഡി.വൈ.എഫ്.ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് കെ.എസ്.യുക്കാരെ രക്ഷപ്പെടുത്തിയത്. ഒരു നഗരസഭകൗൺസിലറുടെ നേതൃത്വത്തിലാണ് മർദ്ദനം നടത്തിയതെന്നും കെ.എസ്.യു ആരോപിക്കുന്നു.

മർദ്ദനമേറ്റ വിദ്യാർത്ഥികളെ അൻവർ സാദത്ത് എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി നസീർ ചൂർണിക്കര എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആക്രമിച്ച ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറിമാരായ പി.എച്ച്. അസ്ലം, അജ്മൽ ആലുവ, നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് എന്നിവർ ആവശ്യപ്പെട്ടു.

അതേസമയം കെ.എസ്.യു പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റെന്നാരോപിച്ച് നാല് എസ്.എഫ്.ഐ പ്രവർത്തകരും ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.