കൊച്ചി: അനധികൃതമായി പ്രവർത്തിക്കുന്ന വൈറ്റില വൻകിട ഹോട്ടലിനെതിരെ കൊച്ചി കോർപ്പറേഷനോ മറ്റ് അധികൃതരോ ഒരു നടപടിയും സ്വീകരിക്കാത്തതിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ, ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെയോ ഉൾപ്പടെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളൊന്നും ഈ ഹോട്ടലിനില്ല. റോഡരികിലാണ് ഹോട്ടലിന്റെ പാർക്കിംഗ്. ഹോട്ടൽ മാലിന്യങ്ങൾ കാനയിലേക്കാണ് ഒഴുക്കി വിടുന്നത്.
അനധികൃതമായി ഹോട്ടൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് ബി.ഡി.ജെ.എസ് വൈറ്റില ഏരിയ കമ്മിറ്റി നഗരസഭ സെക്രട്ടറിക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും മറ്റും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊച്ചി നഗരസഭയുടെ സോണൽ ഓഫീസിന് പരിസരത്തുള്ള അനധികൃത ഹോട്ടലിന് നഗരസഭാ ഉദ്യോഗസ്ഥരുടെയും ഭരണ, പ്രതിപക്ഷങ്ങളുടെയും ഒത്താശയുണ്ടെന്നും സി. സതീശൻ ആരോപിച്ചു