കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും അപകീർത്തിപ്പെടുത്തിയ മുൻ മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം ഇന്നലെ പാസാക്കി. ദീർഘകാലം യോഗം നേതാക്കൾക്കൊപ്പം നിന്ന് ഉന്നത പദവികൾ വഹിച്ച ശേഷം തരംതാണ ആരോപണങ്ങൾ ഉന്നയിക്കുന്ന സുഭാഷ് വാസു കുലംകുത്തിയുടെ റോളിലാണിന്ന്. എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും അണികളെയും വഞ്ചിക്കുകയായിരുന്നു സുഭാഷ് വാസുവെന്നും യൂണിയൻ ആരോപിച്ചു.

യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ അവതാരകനും യൂണിയൻ സെക്രട്ടറി ഹരിവിജയൻ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. ഷൈജു മനക്കപ്പടിയും മറ്റു കൗൺസിൽ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.