കൊച്ചി : കോതമംഗലം എം.എ കോളേജിലെ പ്രിൻസിപ്പൽ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തെ ചോദ്യം ചെയ്ത് ഇതേ കോളേജിലെ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ജോസ് ജോർജ്ജ്, ഡോ. ബെന്നി ജേക്കബ് എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
2015 നവംബർ 16 ന് സെലക്ഷൻ കമ്മിറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത നടപടിയും ഇന്റർവ്യൂ നടത്തിയ രീതിയും 2010 ലെ യു.ജി.സി റെഗുലേഷൻ പ്രകാരമല്ലെന്ന് വിലയിരുത്തിയാണ് വിധി. പ്രിൻസിപ്പൽ നിയമനത്തിനു പരിഗണിക്കാനായി ഹർജിക്കാരും അപേക്ഷ നൽകിയിരുന്നു. ഇന്റർവ്യൂ നടത്തി ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ഹർജിക്കാർക്ക് രണ്ടും മൂന്നും സ്ഥാനമാണ് ലഭിച്ചത്. എന്നാൽ യു.ജി.സി പറയുന്ന പല യോഗ്യതകളും നിയമനം ലഭിച്ച ഡോ. ഡെൻസിലിക്ക് ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
ഇതു പരിഗണിച്ച ഹൈക്കോടതി സെലക്ഷൻ കമ്മിറ്റിയുടെ നടപടികളും പട്ടികയും ഇതനുസരിച്ച് ഡോ. ഡെൻസിലിക്ക് നൽകിയ നിയമന ഉത്തരവും റദ്ദാക്കി. പുതിയ സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി ഒരുമാസത്തിനുള്ളിൽ ഇന്റർവ്യൂ നടത്തി പ്രിൻസിപ്പൽ നിയമനം നടത്താനും അതുവരെ നിലവിലെ പ്രിൻസിപ്പലിന് തുടരാമെന്നും വിധിയിൽ പറയുന്നു.