കൊച്ചി: കൊച്ചി കോർപ്പറേഷൻ ഏതു കേസിന് പോയാലും തോൽക്കും. തോൽക്കുന്നതല്ല, തോറ്റു കൊടുക്കുന്നതാണെന്നാണ് പരസ്യമായ രഹസ്യം. ഒന്നുകിൽ അഭിഭാഷകർ ഹാജരാവില്ല, ഹാജരായാൽ വേണ്ട വിധത്തിൽ വാദിക്കില്ല. വിഷയങ്ങൾ പഠിക്കില്ല. ഫലമോ, വിധി വരുമ്പോൾ കോർപ്പറേഷൻ തോറ്റു തുന്നംപാടും. ഇക്കാര്യത്തിൽ അഭിഭാഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉദ്യോഗസ്ഥരാണ് കേസിലെ പ്രധാന വില്ലൻമാർ. കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭിഭാഷകർക്ക് നൽകേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അഭിഭാഷക, ഉദ്യോഗസ്ഥ കൂട്ടായ്മയുടെ അനാസ്ഥ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കോർപ്പറേഷന് സംഭവിക്കുന്നത്.
# തോൽവി തുടർക്കഥ
ബ്രഹ്മപുരം പ്ളാന്റ്, എസ്.എ റോഡ് വികസനം, അറ്റ്ലാൻഡീസ് മേല്പാലം തുടങ്ങിയ ഭൂമി ഏറ്റെടുക്കൽ കേസുകളിലെല്ലാം കോർപ്പറേഷൻ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് നഷ്ടപരിഹാരമായി ഭീമമായ തുക ഭൂവുടമകൾക്ക് നൽകേണ്ടിവന്നു. കോർപ്പറേഷന്റെ പുതിയ ഓഫീസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ കേസിലും തോൽവി തന്നെ. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ കോർപ്പറേഷന് നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
# കേസിന്റെ വഴികൾ
ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കത്തിന് വാഹനങ്ങൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട കേസാണ് പുലിവാലായത്. എൻ.ആർ ഷാജിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ്.പി കൺസ്ട്രക്ഷനാണ് കരാർ നൽകിയിരുന്നത്. ദിവസവും രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ കുറഞ്ഞത് രണ്ട് ട്രിപ്പ് മാലിന്യമെങ്കിലും നഗരസഭ പരിധിയിൽ നിന്ന് ബ്രഹ്മപുരം പ്ലാന്റിലേക്കെത്തിക്കണമെന്നായിരുന്നു നിബന്ധന. 2014- 15 ൽ 5102 ലോറിയും 2015- 16ൽ 1844 ലോറിയും ഒരു ലോഡ് മാലിന്യം മാത്രമാണ് നീക്കം ചെയ്തത്. കരാർ വിരുദ്ധ പ്രവർത്തനത്തിലൂടെ നഗരസഭയ്ക്ക് 94.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായി.
നഷ്ടമായ തുക തിരികെ നൽകണമെന്ന ആവശ്യം നിരാകരിച്ചതോടെ കരാറുകാരൻ നഗരസഭയ്ക്ക് വേണ്ടി ചെയ്ത തുടർ പ്രവൃത്തികളുടെ ബില്ലിൽ നിന്ന് തുക ഈടാക്കി. ഇതിനെതിരെ എൻ .ആർ. ഷാജി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ചപ്പോൾ കോർപ്പറേഷന്റെ അഭിഭാഷകൻ ഹാജരായില്ല. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. ഇതോടെ 94.5 ലക്ഷം രൂപ കരാറുകാരന് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു
# നടപടി വേണമെന്ന് ഇരുപക്ഷവും
കരാറുകാരന് അനുകൂലമായി വിധി വരത്തക്കവിധം പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർ എ.ബി. സാബുവും പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാൻ മേയർ നിർബന്ധിതയായി.