കൊച്ചി: മൈനസ് ഡിഗ്രിയിൽ മഞ്ഞുപാളികൾക്കിടയിലൂടെ ഒരു യാത്ര ഗീതുവിന്റെ സ്വപ്‌നങ്ങളിൽ ഇടം പിടിച്ചിട്ട് നാളുകളേറെയായി. യാത്ര ലഹരിയാക്കിയ ഗീതുമോഹൻദാസെന്ന ആലുവക്കാരി ഹാർഡ് വെയർ എൻജിനീയർക്ക് മുന്നിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. തണുത്തുറഞ്ഞ ആർട്ടിക് ധ്രുവത്തിലേക്കുള്ള വാതിലുകൾ ഗീതുവിന് മുന്നിൽ താനെ തുറക്കുകയായിരുന്നു. ആർട്ടിക്ക് ധ്രുവത്തിലേക്കുള്ള സാഹസികയാത്രയായ പോളാർ എക്‌സ്‌പെഡിഷനിൽ മൈനസ് ഡിഗ്രിയിലും താഴെയുള്ള തണുപ്പിനെ വെല്ലുവിളിച്ച് ഇന്ത്യയുടെ പതാക നാട്ടി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഗീതു. അതിനായുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. വർഷങ്ങൾക്കു മുമ്പ് മനസിൽ കുടിയേറിയ ആഗ്രഹം സഫലീകരിക്കാൻ ഗീതുമോഹൻദാസ് മാർച്ച് 25ന് സ്വീഡനിലേക്ക് പറക്കും. പോളാർ എക്‌സ്‌പെഡീഷൻ നടത്തുന്ന ആദ്യ ഇന്ത്യൻ വനിതയായ ഗീതു മോഹൻദാസ് യാത്രയെകുറിച്ച് കേരളകൗമുദി ഫ്‌ളാഷിനോട് സംസാരിക്കുന്നു.
ബക്കറ്റ് ലിസ്റ്റിലെ പ്രിയ ഇടം
പാഠപുസ്തകങ്ങളിൽ മാത്രം അറിഞ്ഞിട്ടുള്ള ധ്രുവപ്രദേശത്തേക്ക് പോവാനുള്ള ആഗ്രഹം കുഞ്ഞു നാളു മുതലുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷം മുമ്പാണ് പോളാർ എക്‌സ്‌പെഡീഷനുള്ള ആഗ്രഹം കലശലായത്. യാത്രയുടെ ഓരോ വിവരങ്ങളും വായിച്ചു മനസിലാക്കി. കഴിഞ്ഞ തവണ പോയിട്ടുള്ളവരോട് സംസാരിച്ചു. ഇക്കുറി വേറെയൊന്നും അലോചിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിച്ചു. ലോകരാജ്യങ്ങളെ പത്ത് സോണുകളായി തിരിച്ച് നടത്തിയ വോട്ടിംഗിൽ നിന്ന് തെരഞ്ഞെടുത്ത 20പേരാണ് മാർച്ച് മുപ്പത് മുതൽ ഏപ്രിൽ ആറ് വരെ ഭൂമിയുടെ വടക്കേ അറ്റത്ത് മൈനസ് 30 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ തണുത്തുറഞ്ഞ മഞ്ഞിൽ നടത്തുന്ന സാഹസിക യാത്രയിൽ പങ്കെടുക്കുന്നത്. സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 300 കിലോമീറ്റർ പരിധിയിലുള്ള ആർട്ടിക് സർക്കിളിലാണ് യാത്ര. നടന്നും, പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജ് എന്ന വാഹനത്തിലുമായി അഞ്ച് ദിവസം കൊണ്ടാകും യാത്ര പൂർത്തിയാക്കുക.
മുന്നൊരുക്കങ്ങൾ ആരംഭിച്ചു
യാത്രയ്ക്കായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ശാരീരിക ക്ഷമത യാത്രയ്ക്കു മുന്നേ പരിശോധിക്കുന്നതിനാൽ ജിമ്മിൽ വർക്ക് ഔട്ടുകൾ ചെയ്യുന്നുണ്ട്. യാത്രയിൽ പങ്കെടുക്കുന്നതിനുള്ള കടമ്പകൾ പൂർത്തിയാക്കി 25 നു പോവും. കാലാവസ്ഥയും പരിസ്ഥിതിയുമായും ഇണങ്ങുന്നതിനാണ് നേരത്തെ യാത്രതിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ മഞ്ഞുകാല ട്രക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ലഡാക്കിലെ ചാദറിൽ നടത്തിയ യാത്ര മൈനസ് ഡിഗ്രിയിലായതിനാൽ തണുപ്പിനോട് തെല്ലും പേടിയില്ല.
യാത്രകൾ രക്തത്തിൽ അലിഞ്ഞത്
സ്‌കൂളിലെ നേച്ചർ ക്ലബ്ബുകളിൽ നിന്നാണ് യാത്രാ മോഹങ്ങൾ ഉടലെടുക്കുന്നത്. പലയിടങ്ങളിലും പോയിട്ടുണ്ട്. 100 ലേറെ സ്ഥലങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു. ഫോട്ടോയെടുക്കുക, സ്ഥലം കാണുക എന്നതിലുപരി ഓരോ പ്രദേശത്തെയും സംരക്ഷിച്ച് അവിടങ്ങൾ അടുത്തറിഞ്ഞ് പോവുന്നതാണ് കൂടുതൽ ഇഷ്ടം. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലെറ്റ്‌സ് ഗോ ഫോർ എ ക്യാമ്പ് എന്ന ഗ്രൂപ്പ്. പ്രകൃതി സംരക്ഷിക്കുന്നതിനോടൊപ്പം പുത്തൻ അറിവുകളും യാത്രാ അനുഭവങ്ങളും പകരുകയാണ് ലക്ഷ്യം. ചാദറിൽ നടത്തിയ യാത്രയും ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
ഓൺലൈൻ വോട്ടിംഗ് എന്ന കടമ്പ
പോളാർ എക്‌സ്‌പെഡിഷനിൽ പത്ത് സോണുകളായി തിരിച്ച് ഓരോ സോണിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേരാണ് യാത്രയിൽ പങ്കെടുക്കുക. പത്തുപേരെ ഓൺലൈൻ വോട്ടിംഗിലൂടെയും പത്തു പേരെ അവരുടെ പ്രൊഫൈലുകൾ പരിശോധിച്ച് പാനൽ വഴിയുമാണ് തെരഞ്ഞെടുക്കുന്നത്. വോട്ടിംഗിലൂടെയാണ് ഇക്കുറി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനായി സുഹൃത്തുക്കളും പരിചയക്കാരും കൂടാതെ നിരവധി പേർ വോട്ടു ചെയ്തു. നിരവധി പേരുടെ പിന്തുണയോടെയാണ് ഇക്കുറി യാത്ര. അതിൽ സന്തോഷം. ഇതുവരെ ഇന്ത്യയിൽ നിന്നും പത്തനംതിട്ട പുനലൂർ സ്വദേശി നിയോഗ് കൃഷ്ണ, കോഴിക്കോട് കടലുണ്ടി സ്വദേശി ബാബു സാഗർ എന്നിവർ മാത്രമാണ് ആർട്ടിക് യാത്ര നടത്തിയിട്ടുള്ളത്. ഒരു പെണ്ണ് യാത്ര നടത്തുന്നത് ആദ്യവും.