കിഴക്കമ്പലം: അമ്പുനാട് ആട്ടുപടി റോഡ് വികസനവും ബി.എം.ബി.സി. നിലവാരത്തിലുള്ള ടാറിംഗ് ജോലികളും ആരംഭിച്ചു. അടുത്തയാഴ്ചയോടെ മുഴുവൻ ജോലികളും പൂർത്തിയാകും. ആഴ്ചകൾക്കുമുമ്പ് റോഡ് വികസന പ്രവർത്തനങ്ങൾ പഞ്ചായത്തും ട്വന്റി 20യും തുടങ്ങിയിരുന്നെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടിരുന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ദുസഹമായി. പൊടി ശല്യവും യാത്രാ ക്ലേശവും രൂക്ഷമായിരുന്നു. ബി.എം.ബി.സി. നിലവാരത്തിലാക്കുന്നതിന് മുമ്പുള്ള റോഡ് ഫോമിങ്ങിനും റോഡ് ഉറയ്ക്കുന്നതിനും കൂടുതൽ സമയം ആവശ്യമായതാണ് ടാറിംഗ് വൈകാൻ കാരണമായതെന്ന് ട്വന്റി 20 ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് മീ​റ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്. . റോഡുവികസനം പൂർത്തിയാകുന്നതോടെ പുക്കാട്ടുപടിയിൽ നിന്നും അമ്പുനാട് വഴി പെരുമ്പാവൂർക്കും എറണാകുളത്തിനും സ്വകാര്യ സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.