കൊച്ചി : പാസ്‌പോർട്ട് വെരിഫിക്കേഷൻ ആപ്ളിക്കേഷൻ തയ്യാറാക്കാൻ ക്രൈം ഡേറ്റയടക്കമുള്ള വ്യക്തിഗത രഹസ്യ വിവരങ്ങൾ ഉൗരാളുങ്കൽ ലേബർ കരാർ സൊസൈറ്റിക്ക് നൽകില്ലെന്ന് വ്യക്തമാക്കി ഡി.ജി.പി ഉത്തരവ്. പൊലീസിന്റെ കൈവശമുള്ള ക്രൈം ഡേറ്റയും വ്യക്തിഗത വിവരങ്ങളും സി.പി.എം നേതൃത്വം നൽകുന്ന ഉൗരാളുങ്കൽ സൊസൈറ്റിക്ക് കൈമാറുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിൽ ഈ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
നേരത്തെയിറക്കിയ ഉത്തരവിൽ രഹസ്യവിവരങ്ങൾ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞത് അച്ചടിപ്പിശക് ആണെന്നും ഡി.ജി.പി ജനുവരി പത്തിനിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.
പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടിയുള്ള ആപ്ളിക്കേഷൻ തയ്യാറാക്കാൻ ഉൗരാളുങ്കൽ സൊസൈറ്റിക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ജ്യോതികുമാർ ചാമക്കാല ഹർജി നൽകിയത്. തുടർന്ന് ഇത്തരം രഹസ്യ വിവരങ്ങൾ കൈമാറുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പാസ്പോർട്ട് വെരിഫിക്കേഷനും പൊലീസ് ക്ളിയറൻസിനും വേണ്ടിയുള്ള ആപ്ളിക്കേഷൻ തയ്യാറാക്കാൻ ഉൗരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപ്പിച്ചിരുന്നത്. ഇവർ തയ്യാറാക്കി നൽകിയ ആപ്പ് പൊലീസിന്റെ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതാണെന്ന് കൊച്ചി അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് 2019 ആഗസ്റ്റ് ഏഴിന് റിപ്പോർട്ട് നൽകി. ഇതു സുരക്ഷാ ആഡിറ്റ് നടത്താൻ സമർപ്പിച്ചിരിക്കുകയാണെന്നും രഹസ്യ വിവരങ്ങൾ ഇൗ ആപ്ളിക്കേഷനിലേക്കല്ലാതെ പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള പൊലീസുകാർക്ക് മാത്രമാണ് ലഭ്യമാവുകയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവിൽ പറയുന്നു. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി ആപ്ളിക്കേഷൻ തയ്യറാക്കാനായി 20 ലക്ഷം രൂപ നൽകാനുള്ള സർക്കാർ തീരുമാനവും സ്റ്റേ ചെയ്തിരുന്നു. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.