കൊച്ചി: കാറായാലും ബൈക്കായാലും മറ്റുള്ളവർക്ക് കൂടി സീറ്റുകൾ പങ്കുവയ്ക്കുന്ന പൂളിംഗ് സമ്പ്രദായത്തിന് പ്രിയമേറി. മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഒന്നേകാൽ ലക്ഷം പേരാണ് പങ്കാളിത്ത യാത്രയ്ക്ക് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ലക്ഷവും എറണാകുളം ജില്ലയിലാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും അതിവേഗത്തിലാണ് കാർ പൂളിംഗ്, ഷെയറിംഗ് വളരുന്നത്.
2017 ലാണ് കേരളത്തിൽ കാർ പൂളിംഗ് ആരംഭിച്ചത്. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക് എന്നിവിടങ്ങളിലാണ് സംഭവം പെട്ടെന്ന് ഹിറ്റായത്.
# പരിസ്ഥിതി സംരക്ഷിയ്ക്കാം
കൊച്ചിയിൽ പ്രതിദിനം 7,000 വാഹനങ്ങളാണ് പൂളിംഗിലുണ്ട്. ഈ വർഷം 20,000 കാറുകളാകും. അടുത്ത വർഷം രണ്ടു ലക്ഷമാകുമെന്നാണ് പ്രതീക്ഷ.
ഇന്ധന ചെലവുകൾ, പാർക്കിംഗ് സ്ഥലം, റോഡിലെ സ്ഥലം തുടങ്ങിയവ പങ്കുവയ്ക്കാനുള്ള സംയോജിതമായ പരിഹാരമാണ് കാർ പൂളിംഗെന്ന് ഈ രംഗത്തെ പ്രമുഖ ആപ്പായ ക്വിക്ക് റൈഡിന്റെ കൊച്ചി മേധാവി ആർ.ബി.എസ് മോനി പറഞ്ഞു.
# കാർ, ബൈക്ക് പൂളിംഗ്
ഒരേ ദിശയിൽ ഒന്നിലേറെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഒരുമിച്ച് യാത്ര ചെയ്യുന്നതാണ് പൂളിംഗ്. ആലുവയിൽ നിന്ന് കാക്കനാട്ടെ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന അഞ്ചുപേർക്ക് ഒരാളുടെ കാറിൽ പോകാനും വരാനും കഴിയും. ഇതുവഴി നാലു കാറുകൾ ഒഴിവാക്കാം.
കിലോമീറ്ററിന് രണ്ടു മുതൽ അഞ്ചു രൂപ വരെ ഒപ്പം യാത്ര ചെയ്യുന്നവരിൽ നിന്നുള്ള പോയിന്റാണ് ലഭിക്കുക. മൊബൈൽ ആപ്പുകളാണ് സംഘാടനം. താല്പര്യമില്ലാത്ത ഒരാളെ ഒഴിവാക്കാനും വാഹനം ഓടിക്കുന്നവർക്ക് കഴിയും. ദീർഘദൂര യാത്രകൾക്കും പൂളിംഗ് ഉപയോഗിക്കാം.
# കൊച്ചിയിലെ പ്രമുഖ ആപ്പുകൾ
ക്വിക്ക് റൈഡ്
കോൺവോയ്
എസ്. റൈഡിംഗ്
# കുരുക്ക് കുറയ്ക്കാം
വായു മലിനീകരണവും ഗതാഗത കുരുക്കും വർദ്ധിപ്പിക്കുന്ന യാത്രാരീതികൾക്ക് ബദലാണ് കാർ പൂളിംഗ്. റോഡിൽ കൂടുതൽ വാഹനങ്ങൾ ഇറക്കാതെ സുരക്ഷിതവും സൗകര്യപ്രദവും പരിസ്ഥിതി സൗഹാർദ്ദവുമായ യാത്രാ രീതിയാണിത്.
കെ.എൻ.എം റാവു
സഹസ്ഥാപകൻ
ക്വിക്ക് റൈഡ്
• നിരത്തിൽ വാഹനങ്ങളുടെ എണ്ണം കുറയും
• യാത്രാചെലവും ചുരുക്കാം.
• പരിസ്ഥിതി മലിനീകരണം കുറയും
• പുതിയ സൗഹൃദങ്ങൾ
പതിവ് യാത്രികർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന മാർഗം. ഐ.ടി. കമ്പനികളുടെ പാർക്കിംഗ് തലവേദന ഒഴിവാകും.
ജിജോ ജോർജ്
കോഗ്‌നെിസെന്റ്
ഇൻഫോപാർക്ക്
# വനിതകൾക്ക് അനുഗ്രഹം
വനിതകൾക്ക് വലിയൊരു അനുഗ്രഹം. അറിയാവുന്നവരുയി ഒരുമിച്ച് യാത്ര.
സുസ്‌മി എസ്.
എക്‌സോടെം ടെക്‌നോളജീസ്