കളമശേരി: നഗരസഭ ഭൂമി കൈയേറി കുടിൽ കെട്ടിയവരെ ഒഴിപ്പിക്കാൻ എത്തിയ എസ്.ഐ.അമൃതരംഗനും സംഘവും സമരക്കാരെ കണ്ട് നഗരസഭാ ഭൂമിയാണന്നും നഗരസഭ പരാതി തന്നിരിക്കുകയാണ് നിങ്ങൾ പൊലീസുമായി സഹകരിക്കണം എന്നു പറഞ്ഞു മടങ്ങി. പൊലീസ് സ്റ്റേഷനു മുന്നിൽ തിങ്കളാഴ്ച രാത്രി എ സി .പി ടി.ആർ രാജേഷ് നൽകിയ ഉറപ്പാണ് പൊലീസ് പാലിക്കാതിരിക്കുന്നത്
മെഡിക്കൽ കോളേജിനടുത്ത് കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ ഭൂമിയിൽ ഷെഡുകൾ കെട്ടിയാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. ഭൂമി പതിച്ച് നൽകാമെന്ന് പറഞ്ഞാണ് കൈയേറ്റത്തിന് സി.പി.എമ്മുകാർ ഒത്താശ ചെയ്തിരിക്കുന്നത്.
കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് നഗരസഭ ചെയർ പേഴ്സൺ റുക്കിയ ജമാലിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും യു.ഡി.എഫ് പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭൂമി കൈയേറാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി ജില്ലാ കളക്ടർക്കും പൊലീസ് കമ്മീഷണർക്ക് പത്താം തീയതി പരാതി നൽകിയിരുന്നു. എന്നിട്ടും കയ്യേറ്റക്കാർക്കെതിരെ ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
തിങ്കളാഴ്ച്ച ഭൂമിയിൽ സി പി എം പ്രവർത്തകർ ഷെഡുകൾ കെട്ടിയിട്ടും പൊലീസ് നോക്കു കുത്തിയായി നിന്നു. ഷെഡുകളിൽ ഏഴോളം സി പി എമ്മുകാരായ കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്.
കൈയേറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വീണ്ടും പൊലീസിന് പരാതി നൽകി. പക്ഷെ കൈയേറ്റമൊഴിപ്പിക്കാനാവില്ലെന്ന നിലപാടിൽ കളമശേരി പൊലീസ് ഇൻസ്പെക്ടർ എ പ്രസാദ് ഉറച്ച് നിന്നു. തുടർന്നാണ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ചത്. എ സി പി യുടെ ഉറപ്പിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ചൊവ്വാഴ്ച നഗരസഭ സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽക്കിയിട്ടും പൊലീസ് നടപ്പടി എടുക്കാതെ സമരക്കാരുമായി നാടകം കളിക്കുകയാണ്.