high-court

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക കരടു പട്ടികയായി നിശ്ചയിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ വിശദീകരണം തേടി.രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം.

2015 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഭരണസമിതികളാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോഴുള്ളത്. 2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിനും 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കിയിരുന്നു. 2019 ലെ പട്ടിക കരടു പട്ടികയായി നിശ്ചയിച്ച് പുതുക്കുകയാണ് വേണ്ടതെന്നും ,ചെലവും സമയവും ലാഭിക്കാൻ ഇതാണ് ഉത്തമമെന്നും മുസ്ലീം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറൂഖ് നഗരസഭാ കൗൺസിലർ പി. ആഷിഫ് എന്നിവർ നൽകിയ ഹർജിയിൽ പറയുന്നു. .

ഒരിക്കൽ പേരു ചേർത്തവർ 2015 ലെ വോട്ടർ പട്ടികയിൽ തങ്ങളുടെ പേരില്ലെന്ന കാരണത്താൽ വീണ്ടും പേരു ചേർക്കാൻ ഓടി നടക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.