കൊച്ചി: തലയുയർത്തി നിന്ന ഫ്ലാറ്റുകൾ നിലംപരിശായതോടെ നഗരസഭയ്ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള പൊടിയടക്കുക എന്നതാണ്. ഫ്ലാറ്റ് വീണതിന്റെ തൊട്ടടുത്ത ദിവസം ഇതേകാരണത്താൽ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു നഗരസഭാ ചെയർപേഴ്സൺ. അതുകൊണ്ട് തന്നെ രണ്ടാംദിനം കരുതലോടെയായി നഗരസഭയുടെ നീക്കം.
കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് കമ്പിയും സിമന്റും വേർതിരിക്കാൻ ചുമതലപ്പെട്ട വിജയ് സ്റ്റീൽസ് ഇന്നലെ വെള്ളമടിച്ച് പൊടിയടക്കിയതിന് ശേഷമാണ് പണി തുടങ്ങിയത്. നാട്ടുകാരുടെ പരാതി പരിഹരിക്കാനായി നഗരസഭ ഹെൽത്ത് ക്യാമ്പുകൾ നടത്തി വരികയാണ് പരിസരത്ത്.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം നിന്ന സ്ഥലത്തിന് സമീപം ഇന്നലെ നടത്തിയ ഹെൽത്ത് ക്യാമ്പിൽ അറുപതോളം പേർ ചികിത്സ തേടി. പൊടി മൂലമുണ്ടായ ത്വക് രോഗങ്ങൾ, ആസ്ത്മ, ചുമ, തലവേദന എന്നീ രോഗങ്ങൾക്കാണ് മിക്കവരും ചികിത്സ തേടിയത്. ആരുടെയും സ്ഥിതി ഗുരുതരമല്ല.
ഇന്ന് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിന്നിടത്തെ സമീപവാസികൾക്കായി ഹോമിയോ ക്യാമ്പ് ആണ് നടത്താൻ ഉദ്ദേശിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ അലോപ്പതി ക്യാമ്പും നടത്തും. ഇന്ന് ജെയിൻ കോറൽകോവിന് അടുത്തുള്ളവർക്കായി ബോധവത്കരണ ക്യാമ്പ് നടത്തും. ഗോൾഡൻ കായലോരത്തിന് സമീപവാസികൾക്കായും ക്യാമ്പുകൾ അടുത്ത ദിവസങ്ങളിൽ നടക്കും. റസിഡന്റ്സ് അസോസിയേഷനുമായി ചേർന്നാണ് ക്യാമ്പുകൾ നടത്തുന്നത്.
ഫ്ലാറ്റ് പൊളിച്ചതിന് ശേഷമുള്ള മരട് കൗൺസിൽ യോഗം എന്നാണെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കമ്പി വേർതിരിക്കൽ ജോലി എഡിഫൈസ് കമ്പനി വിജയ് സ്റ്റീൽസിനാണ് നൽകിയത്. ഇന്നലെ കായലിൽ നിന്ന് വെള്ളമെടുത്ത് കെട്ടിടാവശിഷ്ടങ്ങൾ നനച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം പാതിയടങ്ങി.
മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പൊടി കാറ്റടിക്കുമ്പോൾ വീടുകളിലേക്കെത്തുന്നു എന്ന പരാതിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ഫയർഫോഴ്സിന്റെ സഹായത്തോടെ ആ പൊടി കഴുകി കളയാമെന്നാണ് സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് നാട്ടുകാർക്ക് വാക്കുനൽകിയിരുന്നത്. ഇന്നലെ രാത്രി വരെ അക്കാര്യം നടപ്പിലാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
'ഇപ്പോൾ ആരോഗ്യക്യാമ്പുകൾ ഊർജ്ജിതമായി നടത്താനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ വാർഡ് സഭ കൂടിയതിന് ശേഷം മരട് കൗൺസിൽ യോഗം ചേരും.'
ടി.എച്ച് നദീറ
ചെയർപേഴ്സൺ
മരട് നഗരസഭ
' കെട്ടിടാവശിഷ്ടം പൊട്ടിക്കുന്നിടത്തെ പൊടിയില്ല. മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയാണ് പ്രശ്നം. സബ് കളക്ടർ തന്ന വാക്ക് പാലിച്ചിട്ടില്ല.'
സോമോൻ
പരിസരവാസി