ksrtc
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽപഴയ കെട്ടിടങ്ങൾ പൊളിച്ച ഭാഗത്ത് മുഴച്ച് നിൽക്കുന്ന കോൺക്രീറ്റ് കുറ്റികളും കല്ലുകളും

ആലുവ: ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കെ.എസ്.ആർ.ടി.സി അധികാരികൾക്ക് നിർദ്ദേശം നൽകി. പുതിയ ടെർമിനൽ നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ സ്റ്റാൻഡിന്റെ പല ഭാഗത്തും മുഴച്ച് നിൽക്കുന്നതിനാൽ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.

ഇത് സംബന്ധിച്ച് ഇന്നലെ 'യാത്രക്കാർ അപകടഭീതിയിൽ' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. പത്രവാർത്ത സഹിതം കേരള കോൺഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി അംഗം ഡൊമിനിക്ക് കാവുങ്കലാണ് വിഷയം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്റ്റാൻഡിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമല്ലാത്തതും, അന്വേഷണ വിഭാഗവും അനൗൺസ്‌മെന്റ് കൗണ്ടറും പ്രവർത്തിക്കാത്തതും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും നൽകാൻ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമനിക് കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു.

നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ നഗരസഭ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ കെ. രജ്ഞിത്ത്കുമാറാണ് പരാതി നൽകിയത്.

അഗതി മന്ദിരത്തിൽ അന്തേവാസിക്ക് മർദ്ദനമേറ്റതായ പരാതിയിൽ അഗതി മന്ദിര അധികൃതരോട് കമ്മീഷൻ മുൻപാകെ ഹാജരാകാൻ ഉത്തരവിട്ടു.

റെയിൽവേ ഗുഡ്‌സ് ഷെഡിലെ മലിനീകരണവുമായി ബന്ധപ്പെട്ട് പുതിയ വിശദീകരണം നൽകാൻ കമ്മീഷൻ റെയിൽവേ അധികൃതരോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതർ കുറച്ചുനാൾ മുൻപ് കമീഷന് നൽകിയ മറുപടിയിൽ തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ വിശദീകരണം തേടിയത്.അവശേഷിക്കുന്ന പരാതികൾ ഫെബ്രുവരി 11ന് പരിഗണിക്കും.

വളർത്തുമൃഗങ്ങളുടെ കൂട്ടക്കുരുതി

കോടതിയെ സമീപിക്കണം

ആലുവ: ഇരുപതോളം വളർത്തുമൃഗങ്ങളുടെ കൂട്ടക്കുരുതി നടത്തിയവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ ക്രിമിനൽ കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത് മനുഷ്യക്കോടതിയാണെന്നും കമ്മീഷൻ ഓർമ്മപ്പെടുത്തി. ആരക്കുന്നം എടയ്ക്കാട്ടുവയൽ പൈനംമൂട്ടിൽ രാജമ്മയുടെ ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കളെ വിഷം കഴിച്ച നിലയിൽ കഴിഞ്ഞ മാർച്ച് 19നും ഒക്ടോബർ രണ്ടിനുമായി കണ്ടെത്തുകയായിരുന്നു.

സർക്കാർ ജീവനക്കാരുടെ ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും സ്ഥലം മാറ്റം തരുന്നില്ലെന്ന് ശാരീരിക വെല്ലുവിളി നേരിടുന്ന ടൈപ്പിസ്റ്റ് കമ്മീഷനിൽ പരാതി നൽകി. എറണാകുളം വിദ്യാദ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന പാലക്കാട് പിരായിരി സ്വദേശിനി സുഷമയാണ് പരാതിക്കാരി. വിദേശത്ത് പോയ തക്കം നോക്കി അയൽക്കാരൻ പറമ്പിലെ മരങ്ങളും കൃഷി ഉൽപ്പന്നങ്ങളും മോഷ്ടിച്ചെന്ന് വേങ്ങൂർ സ്വദേശിയായ എം എൽ പോൾ പരാതിപ്പെട്ടു.എട്ട് മഹാഗണി മരങ്ങൾ, വാഴ, ചേന, തേങ്ങ എന്നിവയാണ് നഷ്ടമായത്.