മൂവാറ്റുപുഴ:പൗരത്വ നിയമഭേദഗതിക്കെതിരെ മൂവാറ്റുപുഴയിൽ നടന്ന വനിതാ റാലിയിൽ പ്രതിഷേധമിരമ്പി. വിവിധ വനിതാ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ചാലിക്കടവ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി കീച്ചേരിപടി, നെഹ്രുപാർക്ക്, കച്ചേരിത്താഴം,പി. ഒ ജംഗ്ഷൻ ,130 വഴി ടൗൺ ഹാളിൽ സമാപിച്ചു. വനിതാ ഐക്യവേദി ചെയർപേഴ്‌സൺ സമയ്യ ഫൈസൽ ,വൈസ് ചെയർപേഴ്‌സൺ സുലൈഖ മക്കാർ, കൺവീനർമാരായ ഷൈല അബ്ദുല്ല ,സുമിഷാ നൗഷാദ്, ജമീലാ ഇബ്രാഹീം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുമയ്യ ഫൈസൽ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തക ഇ.സി.ആയിഷ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാർ, ആയവന ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു ബെന്നി, റൈഹാനത്ത് ടീച്ചർ, രമണി കൃഷ്ണൻകുട്ടി, സാറാമ്മ ജോൺ, റൈഹാനത്ത് സലീം, നസീമ മൂസ എന്നിവർ സംസാരിച്ചു.