നെടുമ്പാശേരി: പൊലീസിന്റെ മൗനാനുവാദത്തോടെ ദേശം ശാസ്താംകടവിൽ അനധികൃത മണൽവാരൽ രൂക്ഷമെന്ന് പരാതി. സന്ധ്യമയങ്ങുമ്പോൾ ആരംഭിക്കുന്ന മണൽവാരൽ നേരം പുലരുവോളം തുടർന്നിട്ടും നെടുമ്പാശേരി പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. അത്താണി സ്വദേശിയായ ഒരാളാണ് മണൽ മാഫിയയെ നിയന്ത്രിക്കുന്നത്. ഇതര സംസ്ഥാനക്കാരെ ദിവസ വേതനത്തിന് ഉപയോഗിച്ചാണ് മണൽ കടത്തുന്നത്. പലവട്ടം മണൽ വാരുന്നതിനിടെ ഇതര സംസ്ഥാനക്കാർ പിടിയിലായിട്ടുണ്ടെങ്കിലും നടത്തിപ്പ് ചുമതലയുള്ള മുഖ്യപ്രതിയിലേക്ക് പൊലീസ് അന്വേഷണം എത്താറില്ല. രണ്ടാഴ്ച മുമ്പും ഇവിടെനിന്ന് മണൽലോറിയും വഞ്ചിയും എസ്.പിയുടെ സ്‌ക്വാഡ് പിടികൂടിയിരുന്നു. എന്നിട്ടും മണൽ വാരുന്നതിന്റെ തലവനെ പൊലീസ് തൊട്ടിട്ടില്ല.

പൊലീസിലെ ചിലർക്ക് കൃത്യമായി മാസപ്പടി നൽകിയാണ്അനധികൃത മണൽ വാരലെന്നാണ് നാട്ടുകാരുടെ ആരോപണം. സത്യസന്ധരായ പൊലീസുകാർക്കുപോലും ഇത് നാണക്കേടാണ്. ഇത്തരക്കാർ മണൽ വേട്ടക്കിറങ്ങിയാൽ അപ്പോൾത്തന്നെ മണൽ മാഫിയയെ വിവരമറിയിക്കാനും ചിലരുണ്ട്. ഈ സാഹചര്യം തുടർന്നപ്പോഴാണ് അടുത്തിടെ എസ്.പിയുടെ സ്‌ക്വാഡ് നേരിട്ട് രംഗത്തിറങ്ങിയത്.