മൂവാറ്റുപുഴ: യാതൊരു വിധ അനുമതിയും രേഖകളുമില്ലാതെ മണ്ണ് ഖനനം ചെയ്ത് കടത്തിയ ലോറിയും മണ്ണ് മാന്തി ഉപകരണങ്ങളും എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടി.വാളകം പഞ്ചയത്തിലെ കുന്നയ്ക്കാൽ ആവണംകോട്ട് ക്ഷേത്രത്തിനു സമീപം താഴത്തേടത്ത് എൽദോയുടെ പുരയിടത്തിൽ നിന്നായിരുന്നു വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടിരുന്നത്.ലോഡ് കണക്കിനു മണ്ണ് എറണാകുളം മേഖലയിലേയ്ക്കാണ് കടത്തിയിരുന്നത്. രണ്ട് ടോറസും ആധുനിക സൗകര്യങ്ങളോടു കൂടിയ ജെ.സി.ബിയുമാണ് എസ്ഐ സൂപ്പി, എഎസ്ഐ എം.എം.ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ ജിയോളജി വകുപ്പിനു കൈമാറുമെന്നു പൊലീസ് അറിയിച്ചു.വാളകം മേഖലയിൽ വ്യാപകമായി നടക്കുന്ന മണ്ണ് ഖനനം തടയുന്നതിനു കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.വൻ മാഫിയ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.