കൊച്ചി: ചിലവന്നൂർ കായൽ കൈയേറ്റം കണ്ടെത്താൻ നടത്തിയ സർവേയുടെ റിപ്പോർട്ട് മൂന്നാഴ്ച്ക്കകം നൽകാൻ ഹൈക്കോടതി ജില്ലാ കളക്ടറോടു നിർദ്ദേശിച്ചു. ചിലവന്നൂർ കായൽ കൈയേറ്റവും അനധികൃത നികത്തലും കണ്ടെത്താൻ സർവേ നടത്തണമെന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ‌ടാർസൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കായൽ തീരത്ത് കൊച്ചി നഗരസഭ അമൃത് പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കാക്കനാട് ഇടിച്ചിറ സ്വദേശി നിപുൻ ചെറിയാൻ മാഞ്ഞൂരാൻ നൽകിയ ഹർജിയും ഇതോടൊപ്പം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. ഇന്നലെ ഹർജകൾ പരിഗണിച്ചപ്പോൾ സർവേ നടപടികൾ പൂർത്തിയായെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ചിലവന്നൂർ കായൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു കളയണമെന്നും ചെഷയറിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്നോടിയായി പഴയ സർവേ രേഖകളും റീ സർവേ, ഉപഗ്രഹ ചിത്രം തുടങ്ങിയവയും പ്രയോജനപ്പെടുത്തി സർവേ നടത്താൻ നിർദ്ദേശിക്കണം, അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിര നടപടി വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇൗ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. കൊച്ചി നഗരസഭ തന്നെ കായൽ കൈയേറി അനധികൃത നിർമ്മാണം നടത്തുന്നതിനെയാണ് നിപുൻ ചെറിയാന്റെ ഹർജിയിൽ ചോദ്യം ചെയ്യുന്നത്.