തൃക്കാക്കര: കുടിവെളള വിതരണത്തിനായി വാട്ടർ അതോറിറ്റിയുടെ ഹൈഡ്രന്റുകളിൽ നിന്ന് വിതരണം ചെയ്ത വെള്ളം ശുദ്ധമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായി മലിനീകരണ നിയന്ത്രണബോർഡ്വ്യക്തമാക്കി. വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്ന ജലത്തിന്റെ ശുദ്ധി 'ഓപ്പറേഷൻ പ്യുവർ വാട്ടർ ' പദ്ധതിയുടെ ഭാഗമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കുടിവെളള വിതരണത്തിനു പോകുന്ന ടാങ്കറുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് സ്വകാര്യ കിണറുകളിൽനിന്നും വാട്ടർ അതോറിറ്റിയുടെ രണ്ട് ഹൈഡ്രന്റുകളിൽനിന്നുമുള്ള കുടിവെള്ള സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ വാട്ടർ അതോറിറ്റിയുടെ രണ്ട് ഹൈഡ്രന്റുകളിലെയും ഒരു കിണറിലേയും വെള്ളം ശുദ്ധമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. മറ്റ് ആറ് സാമ്പിളുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മൂന്നെണ്ണം തുറന്ന കിണറുകളിലേതും ശേഷിക്കുന്നവ കുഴൽ കിണറുകളിലേതുമാണ്.