കൊച്ചി : കെട്ടിടത്തിന് നിർമ്മാണാനുമതി നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഞാറയ്ക്കൽ പഞ്ചായത്ത് മുൻ സെക്രട്ടറി അഴീക്കൽ സ്വദേശി റൂബൻസിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നാലു വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുതുവൈപ്പ് സ്വദേശി ജോസി വീടു വെക്കുന്നതിനുള്ള അനുമതി തേടി 2009 ജൂലായ് മൂന്നിന് അപേക്ഷ നൽകിയെങ്കിലും പ്രതി അനുമതി നൽകിയില്ല. മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി നൽകാത്തതിനെക്കുറിച്ച് ആരാഞ്ഞ ജോസിയോട് പ്രതി 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ 1000 രൂപ നൽകാമെന്ന് ജോസി സമ്മതിച്ചു. തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റിനെ വിവരം അറിയിച്ചു. 2009 ഒക്ടോബർ 20 ന് വിജിലൻസ് നൽകിയ നോട്ടുകൾ ജോസി പ്രതിക്ക് കൈമാറി. തുടർന്ന് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.