ആലുവ: ചൂണ്ടി ഭാരതമാതാ ലോ കോളേജിലുണ്ടായ എസ്.എഫ്.ഐ കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം. കോളേജിൽ വെള്ളിയാഴ്ച്ചയും തിങ്കളാഴ്ച്ചയും നടന്ന രണ്ട് സംഘർഷവുമായി ബന്ധപ്പെട്ട് എടത്തല പൊലീസിൽ നൽകിയ കേസ് പിൻവലിക്കാൻ ഇരുപക്ഷവും ധാരണയായിരുന്നു. ഇതേതുടർന്ന് ആശുപത്രിയിലായിരുന്ന ഇരുപക്ഷത്തെയും ആറ് പേർ ആശുപത്രി വിട്ടിരുന്നു. ആലുവയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ മുഹമ്മദ് ആഷിക്കിന്റെ പരാതി മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ പരാതി കൂടി പിൻവലിക്കുന്നതിനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് വൈകിട്ട് കൊടിമരം നശിപ്പിച്ചത്. എടത്തല പൊലീസ് നോക്കി നിൽക്കേയാണ് സംഭവം.
എസ്.എഫ്.ഐയുടെ അക്രമം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് കെ.എസ്.യു ആലുവ ബ്ലോക്ക് കമ്മിറ്റിയും വ്യക്തമാക്കി.