കൊച്ചി: മകന്റെ ഭാര്യയെ പീഡിപ്പിച്ചതിന് തൃശൂർ വെള്ളിക്കുളങ്ങര കോരച്ചാൽ പോട്ടക്കാരൻ വീട്ടിൽ ദിവാകരനെ (67) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായയുവതിയുടെപരാതിയെ തുടർന്നാണ് ദിവാകരനെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവ് മദ്യപിച്ച് പതിവായി ഇവരെ മർദ്ദിക്കുമായിരുന്നു. ഈ സമയത്ത് യുവതിയെ സഹായിക്കാനെത്തിയത് ദിവാകരനാണ്. ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടിൽ നിന്നാൽ ഭർത്താവ് കൊല്ലാൻ മടിക്കില്ലെന്നും ദിവാകരൻ യുവതിയോട് പറഞ്ഞു. വീട്ടിൽ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിർത്താമെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് അടുത്തുള്ള ടൂറിസ്റ്റ് ഹോമിൽ റൂം എടുത്തു. രാത്രിയായപ്പോൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞവർഷം ഏപ്രിലിലാണ് സംഭവം. തൃശ്ശൂർ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം അസി. കമ്മീഷണർ കെ.ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്‌പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.