കൊച്ചി: ഇന്നുമുതൽ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. രാവിലെ എട്ടുമുതൽ നടപ്പിലാകും.

നേരത്തെ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളും ഫാസ് ടാഗിന്റെ ക്ഷാമവുംമൂലം നീട്ടിവയ്ക്കുകയായിരുന്നു. കുമ്പളം – അരൂർ ടോൾ പ്ലാസയിൽ എട്ടും കളമശേരി–വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലത്ത് ആറും ട്രാക്കുകളിലാണ് ഫാസ് ടാഗ്.
കാത്തുനിൽക്കാതെ ഓൺലൈനായി ടോൾ അടച്ച് പോകാവുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോൾ നിരക്കിൽ മാറ്റമില്ല.

പണം നേരിട്ട് നൽകാൻ പ്ലാസകളിൽ രണ്ടുവീതം ട്രാക്ക് ഒരുക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള അവശ്യ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നുപോകാനും രണ്ട് ട്രാക്കുണ്ട്.

ഫാസ് ടാഗില്ലാതെ ഫാസ് ട്രാക്കിലൂടെ വാഹനം കടന്നാൽ ഇരട്ടി തുക ഈടാക്കും.

ഫാസ് ടാഗ് ട്രാക്കുകൾ

കണ്ടെയ്‌നർ റോഡിൽ മൂന്നുമുതൽ എട്ടുവരെ ട്രാക്കുകൾ

കുമ്പളത്ത് രണ്ടുമുതൽ ഏഴുവരെ ട്രാക്കുകൾ

പണം അടയ്ക്കേണ്ട ട്രാക്കുകൾ

കുമ്പളത്ത് ഒന്നും എട്ടും ട്രാക്കുകൾ

കണ്ടെയ്‌നർ റോഡിൽ 2, 9 ട്രാക്കുകൾ

ഫാസ്ടാഗ് പ്രവർത്തിക്കുന്നത് ഇങ്ങനെ:

അഞ്ച് മീറ്റർ അകലെ വാഹനം സ്‌കാൻ ചെയ്താണ് പണം സ്വീകരിക്കുന്നത്. ഫാസ് ടാഗിൽ രജിസ്റ്റർ ചെയ്തവയ്ക്ക് മോണിറ്ററിൽ ഓ.കെ തെളിഞ്ഞാൽ മുന്നോട്ട് പോകാം. എന്നാൽ അക്കൗണ്ടിൽ മതിയായ തുകയില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽപ്പെടും. ഇതോടെ വാഹനം ട്രാക്കിൽ കുടുങ്ങും. ഇത്തരം വാഹനങ്ങൾക്ക് പണം അടച്ച് മുന്നോട്ട് പോകാം. 500 രൂപമുതൽ ഫാസ് ടാഗിൽ നിക്ഷേപിക്കാം. കാറുകൾക്ക് 200 രൂപയും ലോറികൾക്ക് 1000 രൂപയും മിനിമം ബാലൻസ് വേണം. തുക ഈടാക്കിയ വിവരം വാഹന ഉടമയുടെ മൊബൈലിൽ തെളിയും. ബാലൻസ് വിവരവും ലഭിക്കും. മൈ ഫാസ് ടാഗ് ആപ്പിലൂടെ ടാഗ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഇന്ധനം നിറയ്ക്കാനും കാർ പാർക്കിംഗിനും ഫാസ് ടാഗ് ഉപയോഗിക്കാം.