കൊച്ചി: പ്രേമബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നെട്ടൂർ സ്വദേശി സഫർഷായെ(26) ആറ് ദിവസത്തേക്ക് സെൻട്രൽ പൊലീസ് കസ്റ്റഡിയിൽവാങ്ങി​.
കൊല നടത്താനുപയോഗിച്ച കത്തി കണ്ടെത്താനായി സഫർഷയേയും കൊണ്ട് വാൽപ്പാറയിൽ തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ എസ്.വിജയശങ്കർ പറഞ്ഞു. മൃതദേഹം തേയില തോട്ടത്തിൽ ഉപേക്ഷിച്ചതിന് ശേഷം കത്തിയും ഇവിടെ തന്നെ ഉപേക്ഷിച്ച്ചെന്ന് സഫർഷാ മൊഴി നൽകി. ബുധനാഴ്ച കേസിൽ തെളിവെടുപ്പ് ആരംഭിക്കും.
പ്രണയത്തിൽ നിന്ന് പിൻമാറിയതോടെ ചില കാര്യങ്ങൾ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് തന്ത്രപൂർവം പെൺകുട്ടിയെ കാറിൽകയറ്റി വാൽപ്പാറയ്ക്ക് സമീപം കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം വാൽപ്പാറയിലെ തേയില തോട്ടത്തിൽ ഉപേക്ഷിച്ചു. പൊള്ളാച്ചിയിലേക്ക് കടക്കുന്നതിനിടെ ചെക്ക്‌പോസ്റ്റിലെ പരിശോധനയിലാണ് കാറിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സഫറിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഏഴിനായിരുന്നു കൊലപാതകം. കാർ ഷോ റൂമിലെ ഡ്രൈവറായിരുന്ന സഫർഷാ അവിടെ നിന്ന് മോഷ്ടിച്ച കാറിലാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്.