കൊച്ചി: മദ്യഷാപ്പുകൾ നാടുനീളെ തുറക്കുന്നതിലും പഴവർഗങ്ങളിൽ നിന്നുപോലും മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിനെതിരെയും ഡ്രൈഡേ പിൻവലിക്കുന്നതിനെതിരെയും പ്രക്ഷോഭ-സമര പരിപാടികളെക്കുറിച്ചാലോചിക്കാൻ പാലാരിവട്ടം പി.ഒ.സിയിൽ ഇന്ന് രാവിലെ 10ന് യോഗം ചേരുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സമിതി സംസ്ഥാന സെക്രട്ടറി അജ്വ.ചാർളിപോൾ എന്നിവർ അറിയിച്ചു. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.യൂഹനോൻ മാർ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. 21ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ വായമൂടിക്കെട്ടി ജനസഹസ്ര നില്പ് സമരം നടത്തും. ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്.