syro-malabar-sabha

കൊച്ചി: ക്രിസ്‌ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണവുമായി സീറോ മലബാർസഭയിലെ മെത്രാന്മാരുടെ യോഗമായ സിനഡ് രംഗത്ത്. ഇതേപ്പറ്റി എൻ.ഐ.എ അന്വേഷണം വേണമെന്ന് മറ്റ് ക്രിസ്ത്യൻ സംഘടനകളും ആവശ്യപ്പെട്ടു. സമീപകാല സംഭവങ്ങളാണ് ക്രൈസ്‌തവസഭകളെ പ്രകോപിപ്പിച്ചത്. ലവ് ജിഹാദിന്റെ പേരിൽ കേരളത്തിലും ക്രിസ്‌ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്ന് സിനഡ് വിലയിരുത്തി. മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തി ലവ് ജിഹാദ് വളരുന്നത് ആശങ്കാജനകമാണ്.

കേരളത്തിൽ നിന്ന് ഐസിസിലെത്തിയെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതിയും ക്രൈസ്തവരിൽ നിന്ന് മതപരിവർത്തനം ചെയ്‌തവരാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുകയാണെന്നും പരാതിയുണ്ട്. എന്നാൽ പൊലീസ് ജാഗ്രതയോടെ നടപടിയെടുത്തില്ല. നിയമപാലകർ സത്വര നടപടി സ്വീകരിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടതായി വക്താവ് ഫാ. ആന്റണി തലച്ചെല്ലൂർ പറഞ്ഞു.

 സഭയെ പ്രകോപിപ്പിച്ച സംഭവങ്ങൾ

കോഴിക്കോട്ട് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച രംഗം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്താൻ ശ്രമിച്ചത് സംബന്ധിച്ച് കേസെടുത്തിരുന്നു. പ്രണയം നിരസിച്ചെന്ന പേരിൽ ഒരാഴ്‌ച മുമ്പ് കൊച്ചി കലൂർ സ്വദേശിനിയായ 17കാരിയെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ കൊന്ന് തേയിലത്തോട്ടത്തിൽ തള്ളിയിരുന്നു. രണ്ടു സംഭവത്തിലും പെൺകുട്ടികൾ ക്രൈസ്‌തവരും പ്രതികൾ മുസ്ളിം സമുദായാംഗങ്ങളുമായിരുന്നു.

 ദേശീയ ഏജൻസികൾ അന്വേഷിക്കണം

പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്നതും കൊല്ലുന്നതും ആശങ്കപ്പെടുത്തുന്നു. ഒറ്റപ്പെട്ടെന്ന് കരുതി അവഗണിച്ച പല സംഭവങ്ങളും അങ്ങനെയല്ലെന്ന് ചിന്തിപ്പിക്കുന്ന രീതിയിലാണുള്ളത്. ഇക്കാര്യത്തിൽ ഭരണാധികാരികളും പൊലീസും നടപടിയെടുക്കണം. എൻ.ഐ.എ പോലുള്ള ദേശീയ ഏജൻസികൾ അന്വേഷിക്കണം.

- ഫാ. ജോസഫ് ആലഞ്ചേരി,

സംസ്ഥാന ഡയറക്ടർ, സീറോ മലബാർ യുവജന സംഘടന