കൊച്ചി : കൊച്ചി മെട്രോയുടെ കഥ പറയുന്ന കോഫി ടേബിൾ ബുക്ക് പുറത്തിറങ്ങി. ബിയോണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.ടി. ജലീൽ, എം.എം മണി, ചീഫ് സെക്രട്ടറി ടോം ജോസ്, കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലെ മറ്റു നഗരങ്ങളോട് കിടപിടിക്കുന്ന തരത്തിൽ കൊച്ചിയിലും മെട്രോ സംവിധാനം നടപ്പിലാക്കിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നഗരത്തിന്റെ മുഖചിത്രം മാറ്റിവരച്ച ചരിത്രം ബുക്കിലുണ്ട്. മെട്രോ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നടന്ന ചർച്ചകളും പരിശ്രമങ്ങളും വെല്ലുവിളികളും പ്രശ്‌നപരിഹാരങ്ങളും വിവരിക്കുന്നു.

കേരളത്തിലെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ പദ്ധതിയെന്ന നിലയിൽ കൊച്ചി മെട്രോയുടെ നാൾവഴികൾ പുസ്തകത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോ നഗരത്തിനു പുതിയ ഗതാഗത സംസ്‌കാരം നടപ്പിലാക്കുകയെന്ന ദൗത്യത്തിൽ ഒതുങ്ങാതെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയതും വിവരിക്കുന്നു.

മെട്രോയുടെ തുടക്കം, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടലുകൾ, ധനസമാഹരണം, ജോലി സ്ഥലത്തെ ലിംഗ സമത്വം, പരിസ്ഥിതി സൗഹാർദ്ദ സ്റ്റേഷനുകൾ തുടങ്ങിയ മെട്രോയുടെ സവിശേഷതകൾ ബുക്കിൽ വിവരിക്കുന്നുണ്ട്.