ആലുവ:ചൂണ്ടി ഭാരതമാതാ ലാ കോളേജിൽ വീണ്ടും കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം. കെ.എസ്.യു പ്രവർത്തകരായ നാലുപേർ ആശുപത്രിയിലായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷം ചൊവ്വാഴ്ച രാവിലെ പൊലീസ് കേസൊഴിവാക്കി രമ്യതയിലാക്കാൻ ധാരണയായെങ്കിലും വൈകിട്ട് കോളേജിലെ കെ.എസ്.യു കൊടിമരം എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചതാണ് വീണ്ടും സംഘർഷത്തിന് വഴിയൊരുക്കിയത്.
കൊടിമരം നശിപ്പിച്ചതിനെതിരെ ഇന്നലെ രാവിലെ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി കോളേജിലേക്ക് പ്രകടനം നടത്തി. കൊടിമരം പുനഃസ്ഥാപിച്ചു. ഇതിനിടയിലാണ് വീണ്ടും എസ്.എഫ്.ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്. പരിസരത്തെ സി.പി.എം പ്രവർത്തകരുടെ സഹായത്തോടെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. യു.സി കോളേജ് കെ.എസ്.യു ചെയർമാൻ അക്യുബ് കബീർ, ഭാരവാഹികളായ നിതിൻ ഷാന്റോ, അബി വഖാസ്, സഫ്വാൻ ചീർണംകുടി എന്നിവരെ പരിക്കുകളോടെ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കെ.എസ്.യു പ്രവർത്തകർ ആലുവയിൽ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ളാം സംസാരിച്ചു.