ആലുവ: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിൽ വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കാൻ വൈകിയതിന് വലിയതുക പിഴ ആവശ്യപ്പെട്ടതിനെതിരെ വിദ്യാർത്ഥിനികൾ എ.ടി.ഒ ചേംബർ ഉപരോധിച്ചു. കാർഡ് പുതുക്കുന്നതിനുള്ള സൗകര്യം ആഴ്ചയിൽ ഒരുദിവസമാക്കിയതും പ്രതിഷേധത്തിനിടയാക്കി.
അൻപതോളം കോളേജ് വിദ്യാർത്ഥിനികളോട് കാർഡ് പുതുക്കാൻ താമസിച്ചതിനാൽ 500 രൂപ പിഴ അടക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽകാർഡിൽ തന്നെ കാണിച്ചിരിക്കുന്ന നിബന്ധനകളിൽ പുതുക്കാൻ അത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടി. ബഹളമായതോടെ മറ്റ് യാത്രക്കാരും വിഷയത്തിൽ ഇടപ്പെട്ടു. പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറുകൾ എങ്ങനെ വിദ്യാർത്ഥികൾക്കറിയാൻ കഴിയുമെന്നാണ് വിഷയത്തിൽ ഇടപ്പെട്ടവരോട് എ.ടി.ഒ ചോദിച്ചത്. തുടർന്ന് ആലുവ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ സ്ഥലത്തെത്തി എ.ടി.ഒയുമായി സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷയിൽ പിഴ ഒഴിവാക്കി കാർഡ് കൊടുക്കുവാൻ ധാരണയാകുകയായിരുന്നു. കാർഡ് പുതുക്കാനുള്ള കൗണ്ടറിൽ ഒരു ജീവനക്കാരനെക്കൂടി നിയമിച്ച് വേഗതത്തിലാക്കി. ആലുവയിൽ കൺസെഷൻ കാർഡെടുക്കുന്നത് വിദ്യാർത്ഥികൾക്ക് വലിയ ദുരിതമായിരിക്കുകയാണ്. സംഭവം അറിഞ്ഞ് കെ.എസ്.യു പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.