reshmi-accident-death-

# സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് പരിക്ക്

പറവൂർ : സഹപ്രവർത്തകയുമൊത്ത് സ്കൂട്ടറിൽ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വടക്കേക്കര സത്താർ ഐലന്റ് തറയിൽ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ ശ്രീകാന്തിന്റെ ഭാര്യ രശ്മിയാണ് (31) മരിച്ചത്. മാല്യങ്കര കളങ്ങര വീട്ടിൽ കുഞ്ഞപ്പന്റെ മകളാണ്. സ്കൂട്ടർ ഓടിച്ചിരുന്ന തുരുത്തിപ്പുറം ചാത്തൻതറ പരേതനായ ഗിരീഷിന്റെ ഭാര്യ നീതുവിന് (23) പരിക്കേറ്റു. ഇരുവരും ആസ്റ്റർ മെഡ്സിറ്റിയിലെ സ്റ്റോർകീപ്പിംഗ് വിഭാഗം കരാർ ജീവനക്കാരാണ്. ഇന്നലെ വൈകിട്ട് നാലരയോടെ മുനിസിപ്പൽ കവലയിലായിരുന്നു അപകടം.

രാത്രി ഷിഫിറ്റിൽ ജോലിക്ക് കയറുന്നതിനായി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു ഇരുവരും. മുനിസിപ്പൽ കവലയിലെ ട്രാഫിക് സിഗ്നൽ മറികടക്കുമ്പോൾ ആലുവയിൽ നിന്ന് പറവൂരിലേക്കു വന്ന കെ.എസ്.ആർ.ടി.സി ബസ് തട്ടി സ്കൂട്ടർ മറിഞ്ഞു. ബസിനടിയിൽപ്പെട്ട രശ്മിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. നീതു എതിർവശത്തേക്ക് വീണതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിലേക്കു മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ സംസ്കരിക്കും. സ്കൂൾ വിദ്യാർത്ഥികളായ അശ്വനി, അനുശ്രീ എന്നിവരാണ് മക്കൾ.