ആലുവ: കുട്ടമശേരിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രം മതിയായ പാർക്കിംഗ് സൗകര്യമൊരുക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. രൂക്ഷമായ ഗതാഗതക്കുരുക്കും നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും ഉയർന്നതിനെ തുടർന്നാണ് ഏഴ് ദിവസത്തിനകം പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ഓൺലൈൻ പരീക്ഷ കേന്ദ്രം നടത്തിപ്പുകാരായ ടി.സി.എസ് അയേൺ അധികൃതർക്ക് കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നൽകിയത്.

പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി നൽകിയ പ്ളാനിൽ വാഹന പാർക്കിംഗിനുള്ള സൗകര്യം കാണിച്ചിരുന്നു. എന്നാൽ പരീക്ഷകൾ നടക്കുന്ന സന്ദർഭങ്ങളിൽ ഇതേ കെട്ടിടത്തിലേക്ക് വാഹനങ്ങൾക്ക് പൂർണമായും പ്രവേശനം നിഷേധിക്കുകയാണ്. ഇതേത്തുടർന്ന് പരീക്ഷാ സെന്ററിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.