കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്തിലെ വെട്ടിക്കതാഴം പാടശേഖരം 20 വർഷങ്ങൾക്ക് ശേഷം കതിരണിയുന്നു.സിന്തൈറ്റ് കമ്പനിയുടെ സി.എസ്.ആർ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷനും സി.എഫ്.ഐ ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു നടപ്പാക്കുന്ന ഗ്രാമോദയ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. എഴിപ്രം പാടശേഖരസമിതിയും ഗ്രാമോദയയുടെ കീഴിലുള്ള കുടുംബ കൃഷി സംഘങ്ങളും കൃഷിഭവനും ചേർന്നൊരുക്കിയ വിത്തിടൽ ഉത്സവം വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിരവധി പേരുടെ കൈവശത്തിലിരുന്ന പാടശേഖരം 30 മാസത്തേയ്ക്ക് പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. നേരത്തെ ഇവിടെ കൃഷി ചെയ്തിരുന്നതാണ് എന്നാൽ കാല ക്രമേണ നെല്പാടങ്ങളിൽ നിന്നും വെള്ളമൊഴുകി പോകേണ്ട തോട് അടഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. ഇപ്പോൾ തോട് പുനർ നിർമ്മിച്ചാണ് കൃഷിയിറക്കുന്നത്. നൂറു ദിവസം മൂപ്പുള്ള പ്രത്യാശ വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായിരുന്നു. സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എം.പിളള, കൃഷി ഓഫീസർ അഞ്ചു പോൾ, ജോസഫ് ജോൺ, എബ്രാഹാം മാത്യു, ലിസി ജേക്കബ് എന്നിവർ സംസാരിച്ചു.