പറവൂർ : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) മൊബൈൽ എക്സിബിഷൻ യൂണിറ്റ് ഇന്ന് പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തും. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായിരുന്ന വിക്രം സാരാഭായിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ‘സ്പേസ് ഓൺ വീൽസ്’ എന്ന എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ഒരു ബസാണ് സ്കൂളിൽ കൊണ്ടുവരുന്നത്. സ്പേസ് മോഡലുകൾ, വീഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ വിദഗ്ദ്ധ സംഘമുണ്ടാകും. സമീപ പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും എക്സിബിഷൻ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.