പിറവം : ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പേറിയ മൂന്ന് തലമുറകളിലായി മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കം 66 പേർ അടങ്ങിയ കുടുംബത്തിലെ മുത്തശ്ശി മുളക്കുളം വടക്കേക്കര കിളിയാംകട്ടയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്യാണി (110) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
80 വർഷം മുമ്പാണ് മാറിക വഴിത്തല മുണ്ടോംകണ്ടത്തിൽ കുടുംബാഗമായ കല്യാണി വിവാഹിതയായി മുളക്കുളത്തെ വീട്ടിലെത്തിയത്. 98 -ാം വയസ്സുവരെ വീടു വൃത്തിയാക്കുന്നതുൾപ്പെടെയുള്ള എല്ലാക്കാര്യങ്ങളും പരസഹായമില്ലാതെ ചെയ്തിരുന്നു. 12 വർഷം മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് ഇരു കണ്ണുകൾക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടെങ്കിലും അടുത്തകാലം വരെ ആരോഗ്യവതിയായിരുന്നു. .
നാല് ആണും മൂന്ന് പെണ്ണും ഉൾപ്പെടെ 7 മക്കളായിരുന്നു. മൂത്തമകൻ കുമാരൻ പത്ത് വർഷം മുമ്പ് മരിച്ചു. 7 മക്കൾക്കും കൂടി 16 മക്കളുണ്ട്. . ഇവരിൽ കുമാരന്റെ മകൻ അജിത്ത് കുമാറാണ് മൂത്തയാൾ. ഇളയത് വിമലയുടെ മകൾ മിലിട്ടറി നേഴ്സായ ആശയും. ഒരാഴ്ച മുമ്പ് ജനിച്ച ആൺകുട്ടിയുൾപ്പെടെ 20 പേരക്കുട്ടികളുണ്ട്.
മുളക്കുളം നോർത്ത് എസ്.എൻ.ഡി.പി ശാഖാംഗമായിരുന്നു.
പുതിയ തലമുറയ്ക്കും കല്യാണി പ്രിയങ്കരിയായിരുന്നു. ഒരുപാടു കഥകൾ പറയും. നാടൻപാട്ടുകളും ഭക്തിഗാനങ്ങളും പാടും. വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു ഇവരുടെ ആരോഗ്യ രഹസ്യം. വീണ് കിടപ്പിലാകും വരെ നെല്ല് പുഴുങ്ങി ഉരലിൽ ഇട്ട് കുത്തിയായിരുന്നു വീട്ടിലേക്കാവശ്യമായ അരി ഉണ്ടാക്കിയിരുന്നത്
കല്യാണിയുടെ ഭർത്താവ് കൃഷ്ണൻ 48 വർഷം മുൻപു മരിച്ചു. പിന്നെ കുടുംബഭാരം ഇവരുടെ തോളിലായി. സുരേന്ദ്രൻ, രവീന്ദ്രൻ (റിട്ട. ആർ.എം.എസ് എറണാകുളം), ശശീന്ദ്രൻ (റിട്ട. നഴ്‌സിംഗ് അസി.ആയുർവേദ ആശുപത്രി, പിറവം), ചന്ദ്രിക, ശ്യാമള, വിമല, പരേതനായ കുമാരൻ.എന്നിവരായിരുന്നു മക്കൾ.
കല്യാണിയുടെ 100-ാം പിറന്നാൾ ആഘോഷമാക്കി മാറ്റിയിരുന്നു. .
പേരക്കുട്ടികളിൽ മൂത്തത് അജിത് കുമാറിന്റെ മകൾ അഭിരാമിയും ഇളയത് ഒരാഴ്ച മുമ്പുണ്ടായ ചിത്രയുടെ മകനുമാണ്.
കല്യാണിയുടെ ഏഴ് സഹോദരങ്ങളിൽ കുഞ്ഞപ്പനും കമലാക്ഷിയും മാത്രമാണ് ജീവിച്ചിരിക്കുന്നവർ.