കോലഞ്ചേരി: പഠിക്കാൻ ആളുണ്ട്, പഠിപ്പിക്കാൻ സ്ഥാപനമുണ്ട്, തുറക്കാൻ അധികാരികൾ തയ്യാറല്ല. . പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കളെ സ്വയംതൊഴിൽ പരിശീലിപ്പിക്കുന്നതിന് തുടങ്ങിയനെല്ലാടിലെ ഗാന്ധി ഗ്രാം തൊഴിൽ പരിശീലന കേന്ദ്രം നാശത്തിന്റെ വക്കിൽ.മരപ്പണി, തയ്യൽ പരിശീലനത്തിനായാണ് മഴുവന്നൂർ പഞ്ചായത്തിൽ നെല്ലാട് ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി (ജി.ഡി.എസ് ) 30 വർഷം മുമ്പ് മരപ്പണി പരിശീലന കേന്ദ്രം തുടങ്ങിയത്..ഒരു കാരണവുമില്ലാതെയാണ് മരപ്പണി പരിശീലന കേന്ദ്രം അടച്ചത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം യുവാക്കളോടുള്ള അവഗണനയാണെന്നാണ് പരാതി.തയ്യൽ പരിശീലനം നിലവിലുണ്ട്.പരിശീലകയുമുണ്ട്.സ്വന്തമായി സ്ഥലവും കെട്ടിടങ്ങളുമുള്ള മരപ്പണി പരിശീലന കേന്ദ്രത്തിലെ ഉപയോഗയോഗ്യമായ യന്ത്രസാമഗ്രികൾ ലേലം ചെയ്യുന്നതിനാണ് അധികൃതരുടെ നീക്കം.
കേന്ദ്ര പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ ധനസഹായത്താൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലെ പോരായ്മയാണ് പരിശീലനം നിർത്താൻ കാരണം.
1990 മുതൽ മരപ്പണിയിൽ 12 യുവാക്കൾക്കും തയ്യലിൽ 12 യുവതികൾക്കുമാണ് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ പരിശീലനം നൽകിയിരുന്നത്. പരമ്പരാഗത തൊഴിൽ ഉപകരണങ്ങൾ ഉപയോഗിച്ച് മരപ്പണി പരിശീലനത്തോടൊപ്പം റീസോ, കട്ടിംഗ്, പ്ലെയ്‌നർ, കടച്ചിൽ, ഡ്രില്ലിംഗ്, പൊഴിയ്ക്കൽ, ഗ്രൈൻഡിംഗ് ഉൾപ്പെടെ ആധുനിക യന്ത്രങ്ങളിലുമാണ്ഒരു വർഷത്തെ പരിശീലനം നൽകുന്നത്.
കാർപെന്ററി ട്രേഡിൽ യോഗ്യതയുള്ള രണ്ട് പരിശീലകരുണ്ടായിരുന്നു.
വനം വകുപ്പിൽ നിന്ന് വാങ്ങുന്ന തേക്ക് ഉരുപ്പടിയിലാണ് നിർമ്മാണ പരിശീലനം നൽകുന്നത്. പരിശീലനം നേടിയവർ നിർമ്മിയ്ക്കുന്ന കട്ടിൽ, മേശ,കസേര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിൽക്കുകയും സർക്കാർ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുകയുമാണ് പതിവ്.
ജില്ലാ കലക്ടർ ചെയർമാനായ സ്ഥാപനത്തിന്റെ ചുമതല കളക്ടറേറ്റിലെ എ.ഡി.സി യ്ക്കാണ്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണ് സ്ഥാപനം.സ്ഥാപനത്തിൽ മാനേജരും വാച്ചറുമുണ്ട്.ഐ .ടി.ഐ നിലവാരമുള്ള പഠനവും പരിശീലനവുമാണെങ്കിലും സ്ഥാപനത്തിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റ് സർക്കാർ ജോലി സാധ്യതയ്ക്ക് ഇപ്പോൾ പരിഗണിയ്ക്കാറില്ല. ഇത് സ്വയം തൊഴിലിന് മാത്രമാണ് ഉപകരിയ്ക്കുന്നത്. എന്നാൽ തൊഴിൽ പഠിക്കാൻ നിരവധി പേർ ഇപ്പോഴും തയ്യാറാണ്.
ഇവിടെ തൊഴിൽ പരിശീലനത്തിനൊപ്പം വർക്ക്‌ഷോപ്പ് തുടങ്ങണം. പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും മികച്ചയിനം ഉപകരണങ്ങൾ നിർമ്മിച്ച് മിതമായ നിരക്കിൽ വിൽക്കുവാനും സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് നൽകുവാനുംസാധിയ്ക്കും. ഇത് സ്ഥാപനത്തിന് വരുമാനവുമാകും. കൂടാതെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരേയോ വിരമിച്ചവരേയോ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല ഏല്പിച്ചാൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും.
പി.ഐ തങ്കപ്പൻ, പഴമ്പിള്ളിക്കുടി, നെല്ലാട്, പൂർവ്വ വിദ്യാർത്ഥി