കൊച്ചി: ഒരു ലക്ഷം രൂപാ വിലയുള്ള ആപ്പിൾ ഐ ഫോൺ 10,000 രൂപയ്ക്ക്, ലക്ഷങ്ങൾ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തുച്ഛമായ നിരക്കിൽ.. കേട്ടിട്ട് ഞെട്ടേണ്ട ! പിടിക്കപ്പെട്ടില്ലെങ്കിൽ പറഞ്ഞ വിലയ്ക്ക് ഓർഡർ ചെയ്യുന്ന സാധനങ്ങൾ നിങ്ങളുടെ കൈയിൽ കിട്ടും. ഇല്ലെങ്കിൽ നൽകിയ പണം പോയ വഴി അറിയില്ല. മറ്റൊരാളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി ഉപയോഗിച്ച് ഓൺലൈൻ സൈറ്റുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്ത് കുറഞ്ഞ വിലയിൽ മറിച്ചു വിൽക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. വിവിധ പേരുകളിലാണ് സംഘങ്ങൾ അറിയപ്പെടുന്നത്. ഇവരുടെ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണവും ഏറിവരുന്നതായി സൈബർ വിദഗ്ദ്ധർ പറയുന്നു. അന്താരാഷ്ട്ര വെബ്‌സൈറ്റുകൾ വഴി മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഉപയോഗിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ഒ.ടി.പി നമ്പറോ, ബാങ്കിന്റെ വിവരങ്ങളോ ഇല്ലാതെ തന്നെ അക്കൗണ്ടിൽ നിന്ന് തുക എടുക്കാനാവും.
ഫേസ് ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇത്തരം തട്ടിപ്പുകാർ ഉപഭോക്താക്കളെ തേടുന്നത്. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന തുകയാണ് തട്ടിപ്പുകാർക്ക് ലഭിക്കുന്ന ലാഭം. മറ്റൊരാളുടെ കാർഡ് ഉപയോഗിച്ച് അന്താരാഷ്ട്ര ഓൺലൈൻ സൈറ്റുകളിൽ നിന്നാണ് ഇവർ സാധനങ്ങൾ വാങ്ങി മറിച്ച് വില്ക്കുന്നത്. അതുകൊണ്ട് തന്നെ ചോദിക്കുന്ന പണം ഇവർക്ക് ഉപഭോക്താക്കിൽ നിന്ന് ലഭിക്കും.
അതേസമയം, പണം നൽകുന്നവരിൽ അധികവും തട്ടിപ്പിന് ഇരയാകാറുണ്ട്. കണ്ണഞ്ചിപ്പിക്കും ഓഫർ കണ്ട് പണം നൽകിയാലും കാർഡിംഗ് സംഘങ്ങൾ ഇവ എത്തിച്ച് നൽകില്ല. പരാതിപ്പെടില്ലെന്ന ഉറപ്പാണ് ഇത്തരം സംഘങ്ങൾ തഴച്ചു വളരാൻ കാരണം. ചെറിയ തുകയ്ക്ക് വിലകൂടിയവ കൈക്കലാക്കാൻ ആഗ്രഹിക്കുന്നവരെയാണ് സംഘങ്ങൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കാർഡിംഗ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകളിൽ യാതൊരു മുതൽ മുടക്കുമില്ലാതെ ഇടനിലക്കാർക്ക് ലക്ഷങ്ങളുടെ ലാഭമാണ് ലഭിക്കുന്നത്. അന്വേഷണത്തിൽ തട്ടിപ്പുകാരെക്കാളും പിടിയിലാവുന്നത് സാധനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കൾ മാത്രമാവും.
കാർഡിംഗ് എന്നാൽ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ അനധികൃത ഇടപാടുകൾക്കായി മോഷ്ടിക്കപ്പെടുകയോ ക്ലോണിംഗ് കാർഡുകൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്ന ഏറ്റവും സാധാരണമായ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണിത്. ഡാർക്ക് വെബിലൂടെ ഗ്രൂപ്പുകളിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഇരകളുടെ ക്രെഡിറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കുന്നത്. ഡാർക്ക് വെബിൽ നിരവധി കാർഡുകളാണ് ഇത്തരത്തിൽ വില്പനയ്ക്ക് എത്തുന്നത്. കൂടാതെ കാർഡിംഗിലൂടെയുള്ള തട്ടിപ്പിനെ സഹായിക്കുന്ന എല്ലാ വിവരങ്ങളും ഇത്തരം ഡാർക്ക് വെബുകളിൽ സുലഭമാണ്. പലപ്പോഴും കുറ്റകൃത്യങ്ങൾ വഴി അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നവരുണ്ടെങ്കിലും സാധാരണ ഓൺലൈൻ കാർഡ് തട്ടിപ്പുമാത്രമായി ഇവ ഒതുങ്ങുകയാണ് പതിവ്. ഷോപ്പിംഗ് സൈറ്റുകൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. വിവരങ്ങൾ ലഭിക്കുന്നതും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെ തന്നെയാണ്.