കൊച്ചി : ദീഘദൂര റൂട്ടുകളിൽ സർവീസ് നടത്താൻ ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ജനുവരി 7 ന് പുറത്തിറക്കിയ കരട് വിജ്ഞാപനം വിപ്ളവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
22 സീറ്റിൽ കൂടുതലുള്ള ആഡംബര എ.സി. ബസുകൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും. നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പുവരുത്തുന്നതിനും വഴിതെളിക്കും.
കരട് വിജ്ഞാപനത്തിൽ 30 ദിവസത്തിനകം സംസ്ഥാനങ്ങൾ അഭിപ്രായം അറിയിക്കണം .
# കുരുക്കൊഴിവാകും
കേരളത്തിൽ നഗരയാത്രയ്ക്ക് കൂടുതൽ സ്വകാര്യ എ.സി ബസുകൾ ഇറങ്ങുന്നതോടെ കാറുകളും മറ്റും കുറയും. പരിസ്ഥിതി സൗഹൃദത്തിനും ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനും വഴിയൊരുക്കും.
# ബസ് ബോഡി കോഡ്
പുതിയ ബസ് ബോഡി കോഡുപ്രകാരം എ.സി. ഡീലക്സ് ബസ് ഗണത്തിൽപ്പെടാൻ ഫിക്സഡ് ഗ്ളാസും രണ്ട്- രണ്ട് ലേ ഒൗട്ടിൽ പുഷ്ബാക്ക് സീറ്റുകളും ഉണ്ടാകണം. മിനി ബസുകൾക്കും ട്രാവലറുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.
# വരുമാനം കൂടും
നികുതിനിരക്ക് കൂടുതലായ ആഡംബര ബസുകളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നികുതിയിനത്തിൽ നേട്ടമുണ്ടാകും. യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കും. അന്തർ സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യ ബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും
# തടസം നീങ്ങും
സംസ്ഥാനത്തിന്റെ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് ആഡംബര ബസുകൾക്ക് നിലവിലെ തടസം. ഭേദഗതി നടപ്പായാൽ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് ഏതു സമയത്തും പാതകളിലും ഓടാം. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ നടപ്പാക്കിയ ഫ്ളീറ്റ് ഓണർ നിയമത്തെയും മറിടക്കാം
# കാലാനുസൃതമാറ്റം
കാലഘട്ടത്തിനനുസൃതമായി ഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ശ്ളാഘനീയമാണ്. മെച്ചപ്പെട്ട യാത്ര സൗകര്യം മാത്രമല്ല, നിരക്കിലും ഗണ്യമായ കുറവു വരും
എ.ജെ.റിയാസ്
സെക്രട്ടറി
ഐ.ബി.ഒ.എ