കൊച്ചി: അട്ടിമറി ഒന്നുമുണ്ടായില്ല. കൂറുമാറ്റവും കാലുവാരലുമില്ലാതെ യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നതോടെ നഗരസഭയിലെ മൂന്ന് സ്ഥിരം സമിതി അംഗത്വങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൗൺസിലർമാർക്കു വിജയം. ധനകാര്യ സ്ഥിരം സമിതിയിലേക്കു ഡെലീന പിൻഹീറോയും ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്കു പി.ഡി.മാർട്ടിനും പൊതുമരാമത്തു സ്ഥിരം സമിതിയിലേക്കു വിജയ കുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ വി.ആർ.സിമിയും പി.എസ്.പ്രകാശനും ബിന്ദു ലെവിനുമാണ് യഥാക്രമം ഈ മൂന്ന് സമിതികളിലേക്ക് മത്സരിച്ച് തോറ്റത്.

# ബി.ജെ.പി വിട്ടുനിന്നു

യു.ഡി.എഫ് 37, എൽ.ഡി.എഫ് 34, ബി.ജെ.പി 2 എന്നിങ്ങനെയാണ് കൗൺസിലിലെ അംഗബലം. ഇതിൽ ആരോഗ്യപ്രശ്നങ്ങളാൽ എൽ.ഡി.എഫിലെ പി.കെ.ഹംസകുഞ്ഞ് ഒഴികെയുള്ളവരെല്ലാം വോട്ടെടുപ്പിൽ പങ്കെടുത്തു. ബി.ജെ.പി കൗൺസിലർമാർ പതിവുപോലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നികുതി കാര്യ സ്ഥിരം സമിതിയിലേക്കുള്ള ഒഴിവിൽ ഇരുപക്ഷവും മത്സരിക്കാത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല.

# വോട്ട് അസാധുവാക്കി എ.ബി.സാബു

ഡെലീന പിൻഹീറോയും വിജയകുമാറും 37 വോട്ട് വീതം നേടിയപ്പോൾ മാർട്ടിന് 36 വോട്ടാണ് ലഭിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി തിരഞ്ഞെടുപ്പ് ബാലറ്റിൽ രണ്ടാമതായിരുന്നു മാർട്ടിന്റെ പേര്. ഒന്ന് എന്നെഴുതിയാണു വോട്ട് രേഖപ്പെടുത്തേണ്ടതെങ്കിലും കോൺഗ്രസ് കൗൺസിലർ എ.ബി.സാബു മാർട്ടിന്റെ പേരിനു നേരെരണ്ട് എന്നാണ് രേഖപ്പെടുത്തിയത്. ഇതുമൂലം ഇത് രണ്ടാം വോട്ടായാണ് പരിഗണിച്ചത്. ഒന്ന് എന്നു രേഖപ്പെടുത്തിയ ആദ്യ വോട്ടുകൾ തുല്യമാണെങ്കിൽ മാത്രമേ ഫലപ്രഖ്യാപനത്തിനായി രണ്ടാം വോട്ട് പരിഗണിക്കുകയുള്ളൂ. അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നു സാബു പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥികൾക്കെല്ലാം 33 വോട്ടു വീതം ലഭിച്ചു.

# യു.ഡി.എഫിന് ആശ്വാസം

കഴിഞ്ഞ മാസം നടന്ന നഗരാസൂത്രണ സ്ഥിരം സമിതി അംഗത്വ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൗൺസിലർമാരായ ജോസ് മേരി, ഗീത പ്രഭാകരൻ എന്നിവർ എൽ.ഡി.എഫിന് വോട്ട് ചെയ്യുകയും ഡേവിഡ് പറമ്പിത്തറ ബാലറ്റിൽ വോട്ട് രേഖപ്പെടുത്താതെ പാഴാക്കുകയും ചെയ്തതു മൂലം എൽ.ഡി.എഫിലെ ഒ.പി.സുനിൽ അട്ടിമറി വിജയം നേടിയിരുന്നു. വൈകിയെത്തിയതു മൂലംകോൺഗ്രസിലെ ജലജാമണിക്ക് അന്ന് വോട്ട് രേഖപ്പെടുത്താനായില്ല. മേയർ സ്ഥാനത്തു നിന്നു സൗമിനി ജെയിനിനെ മാറ്റാനുള്ള ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കത്തിനെതിരായ മുന്നറിയിപ്പായിട്ടായിരുന്നു അതിനെ എതിർക്കുന്നവർ വോട്ട് മറിച്ചത്. ഇന്നലെയും അതാവർത്തിക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. നഗരാസൂത്രണ സ്ഥിരം സമിതിയിൽ മത്സരിച്ച് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഡെലീനയ്ക്ക് ഇന്നലത്തെ വിജയം ആശ്വാസമായി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്നലെ രാവിലെയാണ് എല്ലാവർക്കും വിപ്പ് നൽകിയത്. അട്ടിമറി ഒഴിവാക്കാൻ മേയറെ തന്നെ ഇടപെടുവിച്ചുള്ള അനുരഞ്ജന നീക്കങ്ങളും നടത്തിയിരുന്നു

തിരഞ്ഞെടുപ്പ് മാമാങ്കം

തുടരും

യു.ഡി.എഫിലെ ചേരിപ്പോരിന്റെ തുടർച്ചയായി സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും അംഗങ്ങളും രാജിവച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മൂന്ന് സ്ഥിരംസമിതികളിൽ അഞ്ച് ഒഴിവുകൾ ഇനിയും നികത്താനുള്ളതിനാൽ വരും ദിവസങ്ങളിലും തിരഞ്ഞെടുപ്പ് തുടരും.