ഒലിയപ്പുറം: ഒലിയപ്പുറം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. കൊടിയേറ്റിന് ക്ഷേത്രം ആചാര്യൻ സ്വാമി ഗുരുപ്രസാദ്, ക്ഷേത്രം തന്ത്രി പള്ളം അനീഷ് നാരായണൻ തന്ത്രി, മേൽശാന്തി കുമരകം ഹരി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് നിർമാല്യദർശനം, മഹാഗണപതിഹോമം, പൂജ, കലശപൂജ, ആറാട്ടുസദ്യ എന്നിവ നടക്കും. വൈകിട്ട് മൂന്നിന് ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വെട്ടിക്കാട്ട് പാറ, മുണ്ടക്കൽ താഴം വഴി ഒലിയപ്പുറത്തെത്തും. തുടർന്ന് കൊട്ടക്കാവടി, തെയ്യം, താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എത്തും. ആറാട്ട് കഴിഞ്ഞ് വാളിയപ്പാടത്ത് ദേവനെ വരവേറ്റ് തിരിച്ചെഴുന്നള്ളിപ്പ് കുഴിക്കാട്ടുകുന്നുവഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് കമ്മിറ്റി ചെയർമാൻ ബിജു പൊയ്ക്കാടനും കൺവീനർ കെ. രാമനും അറിയിച്ചു.