തൃക്കാക്കര: ലൈഫ് മി​ഷൻ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും അദാലത്തും 23 ന് നടക്കും. രാവിലെ 10 ന് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സംഗമം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി 20 വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. ജില്ലാതല സംഗമത്തിന് മുന്നോടിയായി കോർപ്പറേഷൻ - നഗരസഭാ - ബ്ലോക്ക് തലങ്ങളിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ അവസാന ഘട്ടത്തിലാണ്. ജില്ലാ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ചെയർപേഴ്സണായുള്ള സ്വാഗത സംഘത്തിൽ ജില്ലയിലെ മുഴുവൻ എം.പി.മാരും എം.എൽ.എമാരും രക്ഷാധികാരികളാണ്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വകുപ്പ് മേധാവികളും സഹ ഭാരവാഹികളുമാണ്. സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ്.സി. തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.