നെടുമ്പാശേരി: പ്ലാസ്റ്റിക് നിരോധനം വ്യാപാരിസമൂഹം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബദൽ സംവിധാനം നടപ്പിലാകാത്തതിനാൽ വ്യാപാര മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. നെടുമ്പാശേരിയിൽ വനിതാവിഭാഗം നിർമ്മിച്ച തുണി സഞ്ചികളുടെ വിതരണോത്ദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് നിരോധനത്തിലൂടെ ലക്ഷ്യംവെക്കുന്നത് നാടിന്റെ നന്മയാണെങ്കിൽ എല്ലാത്തരം പ്ലാസ്റ്റിക്കും നിരോധിക്കണം. ചില വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള നിരോധനത്തിലൂടെ ചെറുകിട വ്യവസായ മേഖല പൂർണമായും ഇല്ലാതാകും. ഇത് ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ വിൽക്കുന്ന വൻകിടക്കാരെ സംരക്ഷിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വനിതാവിംഗ് മേഖലാ പ്രസിഡന്റ് ഷൈബി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ, ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, പി.കെ. എസ്‌തോസ്, പി.ജെ. ജോയ്, എൻ.എസ്. ഇളയത്, വി.എ. ഖാലിദ്, ടി.ആർ. ജേക്കബ്, അനി റപ്പായി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ, മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.