-sabarimala-protest

കൊച്ചി : പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആലുവ എടത്തല സ്വദേശി എം.എസ്. ഷെമീം സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. വിവിധ ഹൈക്കോടതികളിലുള്ള സമാന ഹർജികൾ വിളിച്ചു വരുത്തി ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

തുടർന്നാണ് ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞശേഷം പരിഗണിക്കാൻ ഹർജി മാറ്റിയത്. സുപ്രീം കോടതിയെ സമീപിക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോടു ചോദിച്ചു. ഭരണഘടനാ കോടതിയെന്ന നിലയിൽ വിഷയം ഹൈക്കോടതിക്കും പരിഗണിക്കാനാവുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു.

സമാന വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയതുൾപ്പെടെ 60 ഹർജികൾ സുപ്രീം കോടതിയിലുണ്ടെന്ന് അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. വിവിധ ഹൈക്കോടതികളിലുള്ള സമാന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷയിൽ സുപ്രീം കോടതി എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇല്ലെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി.

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു, സിക്ക്, പാഴ്സി, ജൈന, ബുദ്ധ, ക്രിസ്തുമത വിശ്വാസികൾക്ക് പൗരത്വം അനുവദിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇവരി​ൽ മുസ്ളീങ്ങളെ ഒഴിവാക്കിയത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.